സൗദിയില്‍ അംബാസഡറില്ലാത്തത് മോദി സര്‍ക്കാറിന്‍െറ കഴിവുകേട് -ബിനോയ് വിശ്വം

റിയാദ്: 28 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയിലെ ഇന്ത്യന്‍ മിഷന് മാസങ്ങളായി നാഥനില്ലാത്തത് നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ കഴിവുകേടാണെന്ന് മുന്‍ മന്ത്രിയും സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗവുമായ ബിനോയ് വിശ്വം. അടുത്തും അകലത്തുമുള്ള രാജ്യങ്ങളുമായെല്ലാം ബന്ധമുണ്ടാക്കാന്‍ പറക്കുന്ന പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ജനകീയ വിഷയങ്ങള്‍ ശ്രദ്ധിക്കുന്നില്ളെന്നതിന് തെളിവാണ് ഇതെന്നും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു നോട്ടപ്പിശകിന്‍െറ പ്രശ്നമല്ല. സമീപനങ്ങളിലെ വ്യക്തതയില്ലായ്മയാണ് പ്രധാന കാരണം. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമെന്ന നിലയില്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉപജീവനം കണ്ടത്തെുന്ന നാടെന്ന നിലയിലും സൗദി അറേബ്യയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇല്ലാതിരിക്കുന്നത് ഗുരുതരമായ പിഴവായി മാത്രമേ കാണാന്‍ കഴിയൂ. നിലവിലുള്ള അംബാസഡര്‍ പോയാല്‍ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ പകരം ആളെ നിയമിച്ച് പരിഹാരം കാണുകയാണ് ഒരു കാര്യക്ഷമതയുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത്തവണ ഹജ്ജ് വേളയില്‍ മക്കയിലുണ്ടായ ദുരന്തങ്ങളില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. അനേകം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പലരേയും കുറിച്ച് വിവരങ്ങള്‍ തന്നെയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ മിഷന് നാഥനില്ലാത്ത അവസ്ഥ എത്ര നിരുത്തരവാദപരമാണ്? 
രാജ്യമായ രാജ്യങ്ങളിലേക്കെല്ലാം പറന്നുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങള്‍ വേറെയാണ്. അതിന്‍െറ പ്രത്യാഘാതങ്ങള്‍ ഇന്ത്യ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. രണ്ട് തവണയാണ് അമേരിക്കയിലേക്ക് പോയത്. ആദ്യ തവണ മാഡിസണ്‍ സ്ക്വയറിലെ സ്വീകരണ ചടങ്ങുള്‍പ്പെടെ സ്വീകരണ പരിപാടികളുടെ ചെലവുകളെല്ലാം വഹിച്ചത് സണ്‍ ഫാര്‍മ പോലുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ്. യാത്ര കഴിഞ്ഞ് തിരിച്ചത്തെുമ്പോഴേക്കും ഇന്ത്യയില്‍ ജീവന്‍ രക്ഷാമരുന്നുകളുടെ വില കൂടി. സാധാരണക്കാരന് അടുക്കാന്‍ കഴിയാത്ത വിധം പൊള്ളാന്‍ തുടങ്ങി. ദരിദ്ര ലോകത്തിന്‍െറ ഫാര്‍മസി എന്നറിയപ്പെട്ടിരുന്ന, ജീവന്‍ രക്ഷാമരുന്നുകള്‍ കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന ഇന്ത്യന്‍ പാരമ്പര്യത്തേയും അതിന് സംരക്ഷണം നല്‍കിയിരുന്ന ഇന്ത്യന്‍ പേറ്റന്‍റ് ആക്ടിനേയും കൊന്നുകളയുകയായിരുന്നു. രണ്ടാം യാത്ര ഡിജിറ്റല്‍ ഇന്ത്യക്കുവേണ്ടിയായിരുന്നു. മരുന്നു കമ്പനികള്‍ക്ക് പകരം മോദിയെ അമേരിക്കയില്‍ ആവേശപൂര്‍വം കാത്തിരുന്നത് ആരാണ്, ഫേസ്ബുക്കിനേയും ഗൂഗിളിനേയും പോലുള്ള വിവര സാങ്കേതിക മേഖലയിലെ വമ്പന്‍ കുത്തകകള്‍. തങ്ങള്‍ക്കെന്തെങ്കിലും പ്രയോജനമില്ലാതെ ഈ കച്ചവടക്കാര്‍ ഇത്രം ആവേശം കാട്ടില്ളെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതിയല്ളോ. ഇന്‍റര്‍നെറ്റ് മേഖലയില്‍ വലിയൊരു വിപണിയുണ്ട് ഇന്ത്യയില്‍. ആ വിപണിയെ ഈ കുത്തകകള്‍ക്ക് തീറെഴുതാനുള്ള പരിപാടിയാണ് അത്. ആകെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ സ്വന്തം പേര് പോലും എഴുതാന്‍ അറിയാത്ത രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സാധാരണക്കാരന് വേണ്ടിയല്ല. ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ വേറെയാണ്. 60 കോടി ജനങ്ങള്‍ക്ക് കക്കൂസില്ളെന്ന് പറഞ്ഞത് ഈ മോദി തന്നെയാണ്. എല്ലാവര്‍ക്കും കക്കൂസ് കൊടുക്കൂ, വയര്‍ നിറക്കാന്‍ ഭക്ഷണം കൊടുക്കൂ, അക്ഷരാഭ്യാസം നല്‍കൂ. എന്നിട്ട് പോരെ ഡിജിറ്റല്‍ ഇന്ത്യ പരിപാടി? 
ഏതെങ്കിലും ചെറുപ്പക്കാരന് കേന്ദ്ര മന്ത്രി പദവി വാഗ്ദാനവും അയാളുടെ പിതാവിന് കേരളത്തിന്‍െറ മുഖ്യമന്ത്രി പദം എന്ന സ്വപ്നവും നല്‍കിയാല്‍ കേരളത്തിലെ ഈഴവ സമൂഹത്തിന്‍െറ മനസ് മാറുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ബി.ജെ.പിയും ആര്‍.എസ്.എസുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. അവരുടെ കൈപ്പത്തി ചിഹ്നത്തില്‍ വടകരയിലേയും ബേപ്പുരിലേയും തഴമ്പ് ഇപ്പോഴും തെളിഞ്ഞുകാണാം. 
ഇടത് മുന്നണി വികസിപ്പിക്കും മുന്നണിയുടെ നയനിലപാടുകള്‍ അംഗീകരിക്കാന്‍ തയാറുള്ളവരേയും നേരത്തെ മുന്നണി വിട്ടുപോയവരേയും കൂടെ കൂട്ടുമെന്നും ബിനോയ് വിശ്വം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 
വര്‍ഗീയ ചേരിയുടെ ഫാഷിസ്റ്റ് കടന്നാക്രമങ്ങള്‍ക്ക് എതിരെ ഗോവിന്ദ് പന്‍സാരെയുടെ ജന്മദിന വാര്‍ഷികമായ ഒക്ടോബര്‍ 24 മുതല്‍ ഒരാഴ്ച ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ ഫോറം പ്രസിഡന്‍റ് അശ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാസര്‍ കാരന്തൂര്‍ ബൊക്കെ നല്‍കി. വി.ജെ നസ്റുദ്ദീന്‍ സ്വാഗതവും ശക്കീബ് കൊളക്കാടന്‍ നന്ദിയും പറഞ്ഞു. ന്യൂ ഏജ് ഭാരവാഹികളായ ഹരി നായര്‍, വിനോദ് രാജു, ഷാനവാസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.