ക്രെയിന്‍ അപകടം: ഒമ്പതു പേരെ ചോദ്യം ചെയ്യും

മക്ക: ഹറമില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 11 ന് ഉണ്ടായ ക്രെയിന്‍ അപകടം സംബന്ധിച്ച അന്വേഷണത്തിന്‍െറ ഭാഗമായി പിടികൂടിയ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന ഒമ്പതു പേരെ ചോദ്യംചെയ്യാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ ആന്‍ഡ്് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഒരുക്കം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ നടപടികളില്‍ വീഴ്ച വരുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഹറമിന്‍്റെ നിര്‍മാണ ജോലികള്‍ കരാറടിസ്ഥാനത്തില്‍ നടത്തിവരുന്ന ബിന്‍ ലാദിന്‍ കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. 
സംഭവവുമായി ബന്ധപ്പെട്ട  രേഖകള്‍, അറ്റകുറ്റപ്പണികള്‍ക്കുള്ള കരാറുകള്‍, നിര്‍മാണ പ്രവൃത്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് കമ്പനി എടുത്ത നടപടികള്‍ തുടങ്ങിയവ സൂക്ഷമമായി പരിശോധിച്ച് വിലയിരുത്തുന്നതിന് സാങ്കേതിക വിദഗ്ധരുള്‍പ്പെട്ട ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റി അംഗങ്ങളുടെ പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നത്. ദൃക്സാക്ഷികള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളും സംഭവത്തിന്‍െറ വിശദാംശങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും കാമറകളും കൂടാതെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിവരണ റിപ്പോര്‍ട്ടും സംഭവത്തില്‍ ഇടപെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയര്‍മാരെ കൂടാതെ പുതുതായി ചുമതലയേറ്റ എന്‍ിിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അന്വേഷണ സംഘം യാത്ര വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ നടപടികള്‍ സുതാര്യമായിരിക്കുമെന്ന് സംഘം വ്യക്തമാക്കി. എല്ലാ തലങ്ങളിലും അന്വേഷണം നടത്തി സംഭവത്തില്‍ ബന്ധമുണ്ടെന്ന് കണ്ടത്തെുന്നവരുടെ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി ക്രമിനില്‍ കോടതിക്ക് കൈമാറും. അന്വേഷണം നടത്തി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തെുന്നതിന് മുമ്പ് മുന്‍വിധിയോടെ ആര്‍ക്കെതിരെയും നടപടിയുണ്ടാവില്ല. കുറ്റക്കാരെന്ന് കണ്ടത്തെുന്നതുവരെ എല്ലാവരും നിരപരാധികളാണ്. ചോദ്യംചെയ്യലിന് വിധേയരാകുന്ന കുറ്റാരോപിതര്‍ക്ക് എല്ലാ ഘട്ടങ്ങളിലും നിയമപരിരക്ഷ ഉറപ്പുവരുത്തുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.