മഴക്കെടുതി തുടരുന്നു;  നിരവധി റോഡുകള്‍ തകര്‍ന്നു

റിയാദ്: രണ്ടു ദിവസം പെയ്ത മഴയില്‍ റിയാദ്, അല്‍ഖസീം മേഖലയിലുണ്ടായ കെടുതികള്‍ തുടരുന്നു. ബുറൈദയില്‍ കാറിനുള്ളില്‍ നിന്ന് ഒരാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തു. വെള്ളം നീക്കം ചെയ്തപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടത്. റിയാദില്‍ നിരവധി റോഡുകളാണ് തകര്‍ന്നത്. ചിലയിടങ്ങളില്‍ റോഡ് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു. 
മിക്ക സ്ഥലങ്ങളിലും ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. നഗരത്തിലെ എക്സിറ്റ് 33ലെ തടാകമായ റോഡിലെ  വെള്ളം നീക്കം ചെയ്യാനായിട്ടില്ല. ചിലയിടങ്ങളില്‍ അഴുക്കു ചാലുകള്‍ മഴ വെള്ളത്തില്‍ കലര്‍ന്നതോടെ രൂക്ഷ ഗന്ധവുമുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിലും താഴ്ന്ന പ്രദേശങ്ങളിലും കെട്ടി നില്‍ക്കുന്ന വെള്ളം ടാങ്കറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി വ്യാഴാഴ്ച രാത്രി വൈകിയും തുടരുകയാണ്. തകര്‍ന്ന റോഡുകളില്‍ പലതും ഗതാഗത യോഗ്യമാക്കാന്‍ ദിവസങ്ങളെടുക്കും. 
സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ്, ആരോഗ്യ, ജല വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 940 എന്ന നമ്പറിലോ www.alriyadh.gov.sa എന്ന വെബ്സൈറ്റിലോ വിവരമറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മഴ കനത്ത നാശം വിതച്ച ബുറൈദയില്‍ ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല. വെള്ളപ്പൊക്കമുണ്ടായ ഖുബൈബ് കിങ് അബ്ദുല്‍ അസീസ് റോഡിലെയും കേരളമാര്‍ക്കറ്റിലെയും കടകളൊന്നും ഇപ്പോഴും തുറന്നിട്ടില്ല. വെള്ളം കയറിയ കടകളില്‍ ലക്ഷങ്ങളുടെ നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കേരള മാര്‍ക്കറ്റുള്‍പ്പെടെ വെള്ളത്തിലാണ്. നിരവധി വാഹനങ്ങള്‍ കേടായിട്ടുണ്ട്. അഴുക്കു ജലം കൂടി കലര്‍ന്നതോടെ പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് പ്രവാസികള്‍. ടാങ്കറുകള്‍ തുടര്‍ച്ചയായി വെള്ളമടിക്കുന്നുണ്ടെങ്കിലും ജല നിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. 
അല്‍അഹ്സയിലെ റുമൈലിയയില്‍ സ്കൂള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്യുന്നതിനിടെ വെള്ളക്കുഴിയിലേക്ക് മറിഞ്ഞ് കാര്‍ മുങ്ങി. ഏതാണ്ട് ഒമ്പതു മീറ്ററോളം ആഴത്തിലുള്ള കുഴിയാണ് മഴ കാരണം രൂപപ്പെട്ടിരുന്നത്. കാറിനകത്തുണ്ടായിരുന്ന കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.