കമ്പനി നിയമത്തില്‍ ഉദാര സമീപനത്തിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദി കമ്പനി നിയമത്തില്‍ ഉദാര നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഏകാംഗ ഉടമസ്ഥതയിലുള്ള കമ്പനി നിയമത്തിന് അംഗീകാരം നല്‍കിയത്. വാണിജ്യ, വ്യവസായ മന്ത്രി സമര്‍പ്പിച്ച പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രി ആദില്‍ അത്തുറൈഫി അറിയിച്ചു.
2011 മാര്‍ച്ച് 20ന് ചേര്‍ന്ന സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച 10/13ന്‍െറ അടിസ്ഥാനത്തില്‍ സൗദി കമ്പനി നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. വ്യക്തികളുടെ ഏകാംഗ ഉടമസ്ഥതയിലുള്ള വാണിജ്യസ്ഥാപനങ്ങള്‍ എസ്റ്റാബ്ളിഷ്മെന്‍റുകളായി പരിഗണിച്ചിരുന്നത് പുതിയ നിയമമനുസരിച്ച് കമ്പനികളായി പരിവര്‍ത്തിപ്പിക്കും. സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ മേഖലയുമായി ബന്ധമുള്ളതായിരിക്കണമെന്നതാണ് ഇത്തരം ഏകാംഗ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അംഗീകാരത്തിനുള്ള നിബന്ധന. ഓഹരി കമ്പനികളില്‍ ചുരുങ്ങിയത് അഞ്ച് പങ്കാളികളുണ്ടായിരിക്കണമെന്ന നിയമത്തിലും ഉദാരത അനുവദിച്ചിട്ടുണ്ട്. 
പുതിയ നിയമമനുസരിച്ച് രണ്ട് പേര്‍ പങ്കാളികളായി ഓഹരി കമ്പനി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തരം ഓഹരി സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 20 ലക്ഷം റിയാല്‍ മുതല്‍മുടക്ക് വേണമെന്നത് 5,000 റിയാലാക്കിയും ഇളവ് അനുവദിച്ചു. കമ്പനി നിയമങ്ങള്‍ ലംഘിക്കന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കി. നിയമലംഘനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ പിഴയും നല്‍കാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.