റിയാദ്: സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇസ്ലാമികസൈനികസഖ്യത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. തീവ്രവാദത്തെ സൈനികമായും ആശയപരമായും മാധ്യമ രംഗത്തും നേരിടാന്‍ സഖ്യം പ്രയോജനപ്പെടുമെന്ന് സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ അഭിപ്രായപ്പെട്ടു. പുതുതായി രൂപപ്പെട്ട സഖ്യത്തിന് ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തമുണ്ട്. തീവ്രവാദ ലക്ഷ്യങ്ങളെയും സൈനികവും ചിന്താപരവുമായ ആക്രമണത്തെയും എതിര്‍ക്കാന്‍ സഖ്യത്തിന് സാധിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് പുറമെ ചില സൗഹൃദ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും സഖ്യസേനക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.
സൗദി ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആസ്ഥാനം ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് മാറ്റാനും തീരുമാനിച്ചു. ഒന്നര വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് ഇത് പൂര്‍ത്തിയാക്കുക. രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് സൗദി എയര്‍ലൈന്‍സ് നിലവില്‍ വന്നത് മുതല്‍ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ അതോറിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മാറ്റമാണ് മന്ത്രിസഭ തീരുമാനത്തോടെ നടപ്പാകുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഇത്രയും സാവകാശം അനുവദിച്ചിരിക്കുന്നത്. വിയന്നയില്‍ ചേര്‍ന്ന യമന്‍ സമാധാന ചര്‍ച്ചയിലും അതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തലിലും സഹകരിക്കാത്ത ഹൂതി, അലി സാലിഹ് വിമതരുടെ സമീപനത്തെ യോഗം വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി കരാറിന്‍െറയും ഒന്നാം ജനീവ പ്രഖ്യാപനത്തിന്‍െറയും അടിസ്ഥാനത്തില്‍ സിറിയന്‍ പ്രശ്നത്തിന് പരിഹാരണം കാണണമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.