സിറിയന്‍ പ്രതിപക്ഷത്തിന്‍െറ സംയുക്ത യോഗം റിയാദില്‍; 65 പ്രതിനിധികള്‍ പങ്കെടുക്കും

റിയാദ്: സിറിയന്‍ പ്രതിപക്ഷത്തിന്‍െറയും വിപ്ളവകാരികളുടെയും സംയുക്ത യോഗം പത്ത് ദിവസത്തിനകം റിയാദില്‍ ചേരും. വിവിധ പാര്‍ട്ടികളെയും സംഘടനകളെയും സിവില്‍, സൈനിക വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 65 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് ഇതിനകം ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴിനോ 11നോ ചേരാനിരിക്കുന്ന സിറിയന്‍ പ്രതിപക്ഷ സമ്മേളനത്തിന്‍െറ തീയതി അടുത്ത ദിവസം അന്തിമമായി പ്രഖ്യാപിക്കും. ബശ്ശാര്‍ കുടുംബത്തില്‍ നിന്ന് സിറിയയുടെ ഭരണം സ്വതന്ത്രവും ജനാധിപത്യപരവുമായ രീതിയില്‍ മാറാനുള്ള സാധ്യത തെളിഞ്ഞുവരുമ്പോള്‍ പ്രതിപക്ഷത്തിനിടക്ക് അഭിപ്രായ ഐക്യം രൂപപ്പെടുത്തലാണ് സമ്മേളനത്തിന്‍െറ ലക്ഷ്യം. 
പ്രതിപക്ഷ ഏകീകരണ കമ്മിറ്റിയുടെ 20 പേര്‍, വിപ്ളവ പോരാട്ട വിഭാഗത്തിലെ സൈനിക നേതൃത്വത്തില്‍ നിന്ന് 15 പേര്‍, സ്വതന്ത്രരായ വര്‍ത്തക പ്രമുഖര്‍, മതനേതാക്കള്‍ എന്നിവരെ പ്രതിനധീകരിച്ച് 25 പേര്‍ എന്നിങ്ങിനെയായിരിക്കും റിയാദ് സമ്മേളനത്തിലെ പങ്കാളിത്തം. ബശ്ശാര്‍ ഭരണത്തിനെതിരെ പോരാടുന്ന ലക്ഷം സൈനികരുടെ പ്രതിനിധികളായിരിക്കും പങ്കെടുക്കുക. സ്വതന്ത്ര സൈന്യം, സിറയന്‍ വിപ്ളവകാരികള്‍, ശാം മുന്നേറ്റ സൈന്യം, നൂറുദ്ദീന്‍ സന്‍കി വിഭാഗം, ഫലീഖുശ്ശാം, അഹ്റാറുശ്ശാം തുടങ്ങി 12ലധികം പോരാട്ട വിഭാഗത്തിന്‍െറ പ്രതിനിധികളത്തെും. ഭരണപക്ഷവുമായി ചര്‍ച്ച നടത്താനുള്ള ഏകീകൃത നേതൃത്വത്തെയും സംഘത്തെയും നിശ്ചയിക്കാന്‍ റിയാദ് സമ്മേളനത്തിന് സാധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഭാവി സിറിയയുടെ രാഷ്ട്രീയത്തില്‍ ബശ്ശാര്‍ കുടുംബത്തിന് പങ്കുണ്ടാവില്ളെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭരണമാറ്റത്തിന്‍െറ മുന്നോടിയായി റിയാദ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.