യമനില്‍ സൗദി കരസേന ആക്രമണം

ജിദ്ദ: അതിര്‍ത്തിയിലെ തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങള്‍ക്കിടെ തെക്കന്‍ പ്രവിശ്യയില്‍ തമ്പടിച്ച സൗദി കരസേന അതിര്‍ത്തിക്കപ്പുറത്തേക്ക് കയറി കനത്ത പ്രത്യാക്രമണം നടത്തി. അതിര്‍ത്തി ഭേദിച്ച് വടക്കന്‍ യമനിലേക്ക് മാര്‍ച്ചു ചെയ്ത സൗദി സേന ഹൂതി കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തി. 
കഴിഞ്ഞ ദിവസത്തെ സ്കഡ് മിസൈല്‍ ആക്രമണം വ്യാഴാഴ്ചയും ആവര്‍ത്തിക്കാനുള്ള ഹൂതി ശ്രമത്തെ കര, വ്യോമ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിച്ച് സൗദി സേന നിഷ്ഫലമാക്കി. 
വടക്കന്‍ യമനിലേക്കുള്ള സൗദി കരസേനയുടെ കടന്നുകയറ്റം സൈനിക തന്ത്രത്തിന്‍െറ പതിവുനീക്കമാണെന്നും അത് താല്‍ക്കാലികമാണെന്നും സൗദി സഖ്യസേന ദൗത്യത്തിന്‍െറ ഒൗദ്യോഗികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. യമനിലെ പ്രദേശങ്ങള്‍ പിടിച്ചടക്കുക സൈന്യത്തിന്‍െറ ലക്ഷ്യമല്ല. 
എന്നാല്‍ അതിര്‍ത്തി സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി അതിര്‍ത്തിയില്‍ സൈനികനീക്കം നടന്നുവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കരസേന നടത്തിയത് തീര്‍ത്തും പുതിയ ചുവടുവെപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
അതിനിടെ സൗദി ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ടെലഫോണില്‍ ബന്ധപ്പെട്ട് രാജ്യത്തെ പുതിയ സ്ഥിതിഗതികളും സൈനികമുന്നേറ്റങ്ങളുടെ പുരോഗതിയും വിലയിരുത്തി. 
യമന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയില്‍ ഇളവുകാലം പ്രഖ്യാപിച്ച് നിയമാനുസൃത താമസക്കാരും തൊഴിലാളികളുമായി മാറാന്‍ സൗകര്യമേര്‍പ്പെടുത്തിയതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് യമന്‍പ്രസിഡന്‍റ് നന്ദിയും കടപ്പാടും രേഖപ്പെടുത്തി. പ്രസിഡന്‍റിന്‍െറ പ്രതിനിധി കഴിഞ്ഞ ദിവസം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ കണ്ട് രാജ്യത്തിന്‍െറ കൃതജ്ഞത കൈമാറുകയായിരുന്നു. 
യമന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം റിയാദില്‍ നിന്നു യാത്ര തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.