സ്പോണ്‍സറുടെ ഉപദ്രവത്തില്‍ നിന്ന് അഭയം തേടി മലയാളി വീട്ടമ്മ അബഹ മാര്‍ക്കറ്റില്‍

ഖമീസ് മുശൈത്: അസുഖം മൂലം ജോലി ചെയ്യാന്‍ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിനി ജലജ (52) സ്പോണ്‍സറുടെ മര്‍ദനത്തില്‍ നിന്നും രക്ഷപെട്ട് അബഹ മലയാളി മാര്‍ക്കറ്റില്‍ അഭയം തേടിയത്തെി. കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടിലെ സ്വകാര്യ ട്രാവല്‍സ് വഴി അബഹയിലെ മലയാളി നല്‍കിയ വിസയില്‍ ഇവര്‍ വീട്ടുജോലിക്കായി ഇവിടെ എത്തുന്നത്. 
നേരത്തെ തൊണ്ടക്ക് അസുഖമുണ്ടായിരുന്ന ഇവര്‍ക്ക് ഇവിടുത്തെ കാലാവസ്ഥയില്‍ വിട്ടുമാറാത്ത പനിയും പിടികൂടി. ആദ്യം രണ്ട് തവണ സ്പോണ്‍സര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ച് അസുഖം അല്‍പം കുറഞ്ഞെങ്കിലും പിന്നീട് സ്ഥിതി വഷളായി. അതിന് ശേഷം സ്പോണ്‍സര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല എന്ന് മാത്രമല്ല ജോലി ചെയ്യാത്തതിനും മറ്റും ഇവരെ മര്‍ദിക്കാനും തുടങ്ങി. 1300 റിയാല്‍ ശമ്പളമായിരുന്നു ഏജന്‍റ് പറഞ്ഞിരുന്നതെങ്കിലും ആയിരം റിയാല്‍ വീതം രണ്ട് മാസം മാത്രമേ സ്പോണ്‍സര്‍ നല്‍കിയിരുന്നുള്ളൂ. തനിക്ക് അസുഖമായതിനാല്‍ നാട്ടിലയക്കണമെന്ന് പറഞ്ഞ ഇവരോട് 7,000 റിയാല്‍ തന്നാല്‍ എക്സിറ്റ് അടിക്കാമെന്നാണ് സപോണ്‍സര്‍ പറഞ്ഞത്. 
അസുഖം മൂലം തീരെ വയ്യാതായപ്പോള്‍ നാട്ടില്‍ വിളിച്ച് വിവരം പറയുകയും അബഹയിലെ ഏജന്‍റിന്‍െറ സഹായത്താല്‍ എംബസിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതി നല്‍കിയത് അറിഞ്ഞ സ്പോണ്‍സര്‍ ജലജയെ വീണ്ടും മര്‍ദിക്കുകയും മൂന്ന് ദിവസം ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിടുകയും ചെയ്തു. അങ്ങനെയാണ് ഇവര്‍ ബുധനാഴ്ച സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഓടിപ്പോയത്. അബഹയിലെ ഒരു തമിഴ്നാട്ടുകാരന്‍െറ ഹോട്ടലില്‍ എത്തുകയും അവര്‍ പറഞ്ഞത് പ്രകാരം മലയാളി മാര്‍ക്കറ്റില്‍ എത്തുകയുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഒരു സ്വദേശിയുടെ സഹായത്താല്‍ പിന്നീട് ഇവരെ അബഹ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരിക്കുകയാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.