ഓണ്‍ലൈന്‍ വിസ ഒരാഴ്ചക്കകം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെയും സേവകരെയും റിക്രൂട്ട് ചെയ്യാനുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭ്യമാവുന്ന സംവിധാനം ഒരാഴ്ചക്കകം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കമ്പനികള്‍ക്ക് ആവശ്യമുള്ള വിസ ഓണ്‍ലൈന്‍ വഴി അനുവദിച്ചു തുടങ്ങിയ ശേഷം വ്യക്തികളുടെ കീഴിലുള്ള വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍മുഫ്രിജ് അറിയിച്ചു.
വ്യക്തികളുടെ കീഴിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍മന്ത്രാലയം പുതുതായി ആരംഭിച്ച ‘മുസാനിദ്’ സംവിധാനം വഴിയാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക. നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടച്ചാല്‍ റെക്കോഡ് സമയത്തിനുള്ളില്‍ വിസ ലഭിക്കുമെന്ന് മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍മുഫ്രിജ് പറഞ്ഞു. റിക്രൂട്ടിങ് സമയം ഗണ്യമായി കുറക്കാന്‍ പുതിയ സംവിധാനം കാരണമാവുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഭൂരിപക്ഷം സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്‍െറ ഭാഗമായാണ് വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള വിസ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിസ അനുവദിക്കുന്നത് ഇതിനകം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൂടാതെ നിതാഖാത്ത് വ്യവസ്ഥയില്‍ ഓരോ സ്ഥാപനത്തിനും അര്‍ഹിക്കുന്ന വിസയുടെ എണ്ണവും ഓണ്‍ലൈന്‍ വഴി പരിശോധിക്കാനാവും. പുതുതായി സ്ഥാപനം ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ള സ്ഥാപനം വിപുലീകരിക്കുന്നതിനും ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ അനുവദിക്കുന്ന വിസയുടെ കണക്കും ഓണ്‍ലൈന്‍ വഴി പരിശോധിക്കാനാവും.
മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍, പ്രത്യേകിച്ചും വിസ അനുവദിക്കുന്നതും റിക്രൂട്ടിങ്ങും ഓണ്‍ലൈന്‍ വഴിയാക്കുന്നതിലൂടെ ഇത്തരം നടപടികളില്‍ ഇടപെടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സുതാര്യത കാത്തുസൂക്ഷിക്കാനും സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്‍െറ പ്രത്യേകതയാണ്. വിദേശമന്ത്രാലയവുമായി സഹകരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കാനും പുതിയ രാഷ്ട്രങ്ങളില്‍ നിന്ന് റിക്രൂട്ടിങ് ആരംഭിക്കാനും തൊഴില്‍ മന്ത്രാലയത്തിന് ഉദ്ദേശമുണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.