ആരോഗ്യമേഖലയില്‍ വന്‍ റിക്രൂട്ടിങിന് സാധ്യത

റിയാദ്: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം യോഗ്യരായ സ്വദേശികളെ ഈ മേഖലയില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ‘നിതാഖാത്ത് 3’ പ്രാബല്യത്തില്‍ വരുന്നതിന്‍െറ ഭാഗമായി ആരോഗ്യ രംഗത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം കുറക്കുന്നത്. സൗദി ചേംബര്‍ കൗണ്‍സിലിന് കീഴിലെ നാഷനല്‍ ഹെല്‍ത് കമ്മിറ്റിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ തോത് കുറക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖബാനി പറഞ്ഞു. 
ആരോഗ്യ മേഖലക്ക് ആവശ്യമായ ബിരുദധാരികള്‍ സ്വദേശികളില്‍ ലഭ്യമല്ല. നിലവിലുളള എണ്ണം സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണ തോത് പൂര്‍ത്തീകരിക്കാന്‍ പോലും പര്യാപത്മാവില്ല. രാജ്യത്തിന് ആവശ്യമായത്ര സ്വദേശികളെ ആരോഗ്യ മേഖലക്ക് ലഭിക്കണമെങ്കില്‍ ഹിജ്റ വര്‍ഷം 1440 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്. അതേസമയം ദന്താശുപത്രി, ഡന്‍റല്‍ ക്ളിനിക് എന്നിവയിലാണ് താരതമ്യേന മെച്ചപ്പെട്ട സ്വദേശി ശതമാനം നിലവിലുള്ളത്. 25 ശതമാനം വരെ സ്വദേശികളുള്ള ഈ രംഗത്തെ തോതിലേക്ക്  പൊതു ആരോഗ്യ രംഗം വളരാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണ്. സ്വദേശിവത്കരണം അപ്രായോ
ഗികമായ ആരോഗ്യ മേഖലക്ക് ആവശ്യമായ ജോലിക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കണമെന്നാണ് നാഷനല്‍ ഹെല്‍ത് കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. വിദഗ്ധരുടെ പ്രതിസന്ധി മറികടക്കാന്‍ വിദേശ റിക്രൂട്ടിങല്ലാതെ പോംവഴിയില്ളെന്നും കമ്മിറ്റി ശിപാര്‍ശയില്‍ പറയുന്നു. 
നിലവില്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം എന്ന തോത് കുറച്ചാല്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിതാഖാത്ത് വ്യവസ്ഥയില്‍ പ്ളാറ്റിനം, പച്ച ഗണത്തില്‍ തുടരാനും അതുമുഖേന പുതിയ റിക്രൂട്ടിങിനും സാധ്യമാവുകയുള്ളൂ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.