റിയാദ്: സൗദി കടല്‍ തീരദേശം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ബഹുമുഖ പദ്ധതിക്ക്് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന സല്‍മാന്‍ രാജാവിന്‍െറ അസാന്നിധ്യത്തില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പരിസ്ഥിതി സംരക്ഷണം പരിഗണിച്ചുള്ള തീരദേശ വിനോദ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിശ്രമ, വിനോദ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന്‍െറ ഭാഗമായാണ് സൗദിയുടെ ഓരോ തീരത്തും 100 വീതം തുറന്ന കടല്‍തീരപദ്ധതി ഒരുക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. പൊതു ഉപയോഗത്തിനായി മാറ്റിവെച്ച ഇത്തരം തുറന്ന തീരപ്രദേശങ്ങളില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നതും സ്വകാര്യസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും മന്ത്രിസഭ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ ആവശ്യത്തിന് മാറ്റിവെച്ച സ്ഥലങ്ങള്‍, പൊതുസേവനത്തിനുള്ള തീരങ്ങള്‍ എന്നിവയില്‍ പൊതുബീച്ചുകള്‍ അനുവദിക്കുന്നതല്ല. വാണിജ്യ ആവശ്യത്തിന് തീരപ്രദേശങ്ങള്‍ ഉപയോഗിക്കുന്നത് കടലോരത്തിന്‍െറ പത്ത് ശതമാനം കൂടുതലാവരുത്. ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ നിര്‍മിച്ച ടൂറിസ കേന്ദ്രങ്ങളും പൊതുബീച്ചുകളില്‍ നിന്നും കടലോര പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മല്‍സ്യബന്ധനം, മീന്‍ വളര്‍ത്തല്‍ എന്നിവക്ക് ഉപയോഗിക്കുന്ന കടലോരമാണ് വിനോദ ആവശത്തിനുള്ള പൊതു ബീച്ചുകളും കടല്‍ തീരങ്ങളും നിര്‍മിക്കുന്നതിന് വിലക്കുള്ള മറ്റൊരു പ്രദേശം.
ഫലസ്തീനില്‍ പിഞ്ചുകുഞ്ഞ് വെന്തുമരിച്ച സംഭവത്തെ മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഖുദ്സ് വിശ്വാസികള്‍ക്ക് മുമ്പില്‍ അടച്ചിട്ടുകൊണ്ട് നമസ്കാരക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും പവിത്രമായ പ്രദേശം ഹീനമാക്കാനുള്ള ശ്രമവും ജൂതരാഷ്ട്രത്തിന്‍െറ കുത്സിത നീക്കങ്ങളാണെന്ന് മന്ത്രിസഭ കുറ്റപ്പെടുത്തി. ഈജിപ്തും സൗദിയും തമ്മില്‍ ശക്തിപ്പെട്ട നയതന്ത്ര, സൈനിക സഹകരണത്തില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക സൗകര്യമൊരുക്കാന്‍ റമദാനില്‍ മക്കയില്‍ ചെലവഴിച്ച ദിനങ്ങളില്‍ സല്‍മാന്‍ രാജാവ് തുടക്കംകുറിച്ച പദ്ധതികളില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.