സൗദി - ഈജിപ്ത് ഉഭയകക്ഷിബന്ധം ഊന്നിപ്പറഞ്ഞ് കെയ്റോ പ്രഖ്യാപനം

റിയാദ്: അറബ്രാഷ്ട്രങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ കടന്നുകയറാന്‍ ഒരു ബാഹ്യശക്തിയെയും അനുവദിക്കില്ളെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളും എല്ലാവിധ പരിശ്രമവും നടത്തുമെന്നും പ്രതിജ്ഞ ചെയ്ത് സൗദി അറേബ്യയും ഈജിപ്തും. സൗദി ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ ഈജിപ്ത് സന്ദര്‍ശനത്തിനൊടുവില്‍ പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസിയോടൊപ്പം സംയുക്തമായി നടത്തി കെയ്റോ പ്രഖ്യാപനത്തിലാണ് ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള അനിഷേധ്യബന്ധം വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്. 
 അറബ് സംയുക്തസേന രൂപവത്കരിക്കുന്നതിനുള്ള സൈനികവും പ്രായോഗികവുമായ സഹകരണം വികസിപ്പിക്കുക, വൈദ്യുതി, ഗതാഗതരംഗത്ത് നിക്ഷേപങ്ങളിറക്കിയുള്ള സംയുക്തസഹകരണത്തിന് വഴി തുറക്കുക, ലോകവാണിജ്യരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുന്ന തരത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തികവിഭവപൂര്‍ത്തീകരണം നടത്തുക, നിലവിലെ ഭീഷണികളും പ്രതിസന്ധികളും നേരിടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമരംഗത്തെ സഹകരണം കൂടുതല്‍ ബലപ്പെടുത്തുക, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രാതിര്‍ത്തികള്‍ നിര്‍ണയിക്കുക എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപനത്തില്‍ പറയുന്നു. 
പ്രഖ്യാപനത്തിലെ തീരുമാനങ്ങളുടെ പ്രയോഗത്തിനും പുരോഗതി വിലയിരുത്താനും കൃത്യമായ സംവിധാനമുണ്ടാക്കാനും തീരുമാനിച്ചു. കൂടിക്കാഴ്ചയില്‍ ഈജിപ്തിനു സൗദി അറേബ്യ നല്‍കുന്ന സഹായങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച പ്രസിഡന്‍റ് സീസി സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനും അഭിവാദ്യങ്ങള്‍ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.