ജിദ്ദ: നഗരത്തിലെ റുവൈസ് ഡിസ്ട്രിക്റ്റിൽ തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന 1,011 കെട്ടിടങ്ങളിലെ വൈദ്യുതി ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ചൊവ്വാഴ്ച മുതൽ വിച്ഛേദിച്ചു തുടങ്ങും. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അപകടാവസ്ഥയിലുള്ള 1,011 കെട്ടിടങ്ങളാണ് ആദ്യ ഘട്ടത്തിൽ നീക്കം ചെയ്യുന്നത്. ചൊവ്വാഴ്ച മുതൽ വൈദ്യുതി, ജലം തുടങ്ങിയ യൂട്ടിലിറ്റി കണക്ഷനുകൾ വിച്ഛേദിക്കും. തുടർന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. കെട്ടിട ഉടമകൾക്ക് ആവശ്യമായ നില മെച്ചപ്പെടുത്തൽ സമയം (ഗ്രേസ് പിരീഡ്) നൽകിയ ശേഷമാണ് നിലവിൽ പൊളിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
താമസക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുക, സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി ആൻഡ് ക്രൈസിസ് വിഭാഗം കെട്ടിടങ്ങൾ സംബന്ധിച്ച വിജ്ഞാപന നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചായിരിക്കും സേവനങ്ങൾ വിച്ഛേദിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജിദ്ദ ഗവർണറേറ്റിന് കീഴിലെ വിവിധ ഡിസ്ട്രിക്ടുകളിൽ പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.