ദോഹ: 2022ൽ ഖത്തർ ആതിഥ്യമരുളാനിരിക്കുന്ന ഫിഫ ലോകകപ്പിൽ തന്നെ 48 ടീമുകളുടെ പങ്കാളിത്തത്തിന് ശ്രമിക്കുമെന്നും ഫിഫയുടെ അടുത്ത യോഗങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ഫിഫ. ഖത്തറുമായി ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും 32ൽ നിന്നും ടീമുകളുടെ എണ്ണം 48 ആക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്നും ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോ പറഞ്ഞു. ഫൈനലിന് മുന്നോടിയായി ലുഷ്കിനി സ്റ്റേഡിയത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട ഫിഫയുടെ അവസാന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ ലോകകപ്പിന് നാല് വർഷം ബാക്കിയിരിക്കെ തന്നെ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഖത്തറുമായും സംഘാടകരുമായും ആഴത്തിലുള്ള കൂടിയാലോചനകളിലൂടെ മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുകയുള്ളൂവെന്നും ഫിഫ പ്രസിഡൻറ് വിശദീകരിച്ചു. 2026ൽ മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുമെന്ന് ഫിഫ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ തന്നെ 48 ടീമുകളുടെ പങ്കാളിത്തം സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് തെക്കനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോളാണ് ഏപ്രിലിൽ ഫിഫക്ക് മുന്നിൽ നിർദേശം വെച്ചത്. ഇത് സംബന്ധിച്ച് ഫെഡറേഷൻ ഫിഫക്ക് കത്തും അയച്ചിരുന്നു.
പിന്നീട് കാര്യമായ ചർച്ചകൾ ഇക്കാര്യത്തിൽ ഇല്ലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ പ്രസിഡൻറിെൻറ പരാമർശത്തോടെ 48 ടീമുകൾ പങ്കെടുക്കുന്ന തുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.ഒരു രാജ്യത്തെ സംബന്ധിച്ച് ലോകകപ്പിൽ പങ്കെടുക്കുകയെന്നത് തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ഫുട്ബോൾ വളർത്തുന്നതിൽ ഇതിലും മികച്ച വേറെ മാർഗമില്ലെന്നും ഇൻഫാൻറീനോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.