വായന നിർത്തുന്നിടത്ത് വളർച്ച നിലയ്ക്കുന്നു: നഹ്യ നസീർ; വിമൻ ഇന്ത്യ ഖത്തർ വായനാദിനാചരണം ശ്രദ്ധേയമായി

ദോഹ: വായനയുടെ മഹത്വവും പുസ്തകങ്ങളോടുള്ള സ്നേഹവും പ്രചരിപ്പിക്കുന്നതിനായി വിമൻ ഇന്ത്യ ഖത്തർ–റീഡേഴ്സ് ഫോറം വായനാദിനാചരണം സംഘടിപ്പിച്ചു. മുഖ്യാതിഥിയായെത്തിയ സി.ഐ.സി കേന്ദ്ര സമിതി അംഗം നഹ്യ നസീർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങൾ മനുഷ്യന് സമ്മാനിക്കുന്ന അറിവിന്റെയും അനുഭവങ്ങളുടെയും വിശാലലോകത്തെക്കുറിച്ചും പ്രഭാഷണം നടത്തി.

പുസ്തകങ്ങൾ വെറും അറിവിന്റെ ശേഖരമല്ല, അവ ചിന്തയുടെ വാതിലുകൾ തുറക്കുകയും വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന ജീവിതസഹചാരികളാണ്. വായന നിർത്തുന്നിടത്താണ് വളർച്ച നിലയ്ക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. വായനയിലൂടെ സമൂഹത്തിനും വ്യക്തിക്കും ഉണ്ടാകുന്ന ഗുണഫലങ്ങൾ അവർ വിശദീകരിച്ചു.

മുഹ്സിന സൽമാൻ വായനാദിന സന്ദേശം അവതരിപ്പിച്ചു. വായന മനുഷ്യന്റെ ചിന്തകളെയും ജീവിതാനുഭവങ്ങളെയും സമ്പന്നമാക്കുന്ന ശക്തിയാണെന്ന് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. “ഇഷ്ട വായന പങ്കുവെക്കൽ” സെഷനിൽ അംഗങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങളെ പരിചയപ്പെടുത്തി. ഷഫീന റഷീദ് നൗഫലിന്റെ “ഇനി പറയുമോ ജീവിതത്തിൽ ഒരല്പ ജീവിതവും ബാക്കി ഇല്ലെന്ന്” എന്ന കൃതിയും, കമറുന്നീസ അബ്ദുല്ല കെ.പി.എ സമദിന്റെ “മിർസാ ഗാലിബ്” എന്ന കൃതിയും പരിചയപ്പെടുത്തി.

തുടർന്ന് ജഫ്ല ഹമീദുദ്ദീൻ മാർട്ടിൻ ലിങ്സ് രചിച്ച “മുഹമ്മദ്” എന്ന ഗ്രന്ഥത്തെക്കുറിച്ച് അവതരിപ്പിച്ചത് വിജ്ഞാനപ്രദമായ അനുഭവമായി. വായനാദിനാചരണത്തിന് കൂടുതൽ ആവേശം പകർന്നത് ബെൻസി ഇസ്മയിൽ നയിച്ച വായനാദിന ക്വിസ് ആയിരുന്നു. ക്വിസിലെ വിജയികളായി നഹിയ, സുലൈഖ, മുഹ്സിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അറിവും അനുഭവങ്ങളും സൗഹൃദവും പങ്കുവെച്ച പരിപാടിയുടെ സമാപനത്തിൽ വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് സുലൈഖ മേച്ചേരി നന്ദി രേഖപ്പെടുത്തി. ഷഫീന റഷീദ് ഖുർആൻ പാരായണം നിർവഹിച്ചു.

Tags:    
News Summary - Women India Qatar Reading Day celebration was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.