ഹുർമുസിൽ എൽ.എൻ.ജി ടാങ്കറിന് നേരെ ആക്രമണം; ഖത്തർ അപലപിച്ചു

ദോഹ: ഹുർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ എൽ.എൻ.ജി ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നും ആഗോള ഊർജവിതരണ സുരക്ഷക്കെതിരായ ആക്രമണമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ റക്കയാത്ത് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടയതെന്നും, ആക്രമണം അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുന്ന നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.

ചൊവ്വാഴ്ച പുലർച്ചെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ടാങ്കറിന് നേരെ ആക്രമണം നടന്നതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചിരുന്നു. ആക്രമണത്തിൽ പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് ടാങ്കറിന് തീപിടിത്തമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു, ആളപായമോ പരിസ്ഥിതി ആഘാതമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് നിയമപരമായ ഉത്തരവാദി ഇറാനാണെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു. സമുദ്രഗതാഗതത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാ നടപടികളും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആഗോള ഊർജവിതരണത്തെയും മേഖലയിലെ രാജ്യങ്ങളുടെ വിഭവങ്ങളെയും അപകടത്തിലാക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഈ ആക്രമണത്തിന്റെയും അതുമൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഇറാനാണ് പൂർണമായും നിയമപരമായ ഉത്തരവാദിത്തം വഹിക്കേണ്ടതെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.

Tags:    
News Summary - Qatar condemns attack on LNG tanker in Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.