വിദ്യാഭ്യാസ പ്രവർത്തകനും ബ്രില്യൻറ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ദോഹ മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ
2022 ജൂലൈ 17, ഗൾഫ് രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഖത്തറിലെ വിദ്യാർഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. ഖത്തറിലെ വിദ്യാർഥി രക്ഷാകർതൃ സമൂഹത്തിന്റെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും എംബസി ഉൾപ്പെടെയുള്ളവയുടെയും ഇടപെടലുകളുടെ ഫലമായാണ് ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. ഞായറാഴ്ച 'നീറ്റ്' പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ.
എന്തുകൊണ്ട് ഖത്തറിൽ 'നീറ്റ്' പരീക്ഷകേന്ദ്രം അനിവാര്യമായി
2013ലാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ഇന്ത്യയിലെ എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങിയ മെഡിക്കൽ കോഴ്‌സുകളിലേക്ക് പൊതു പ്രവേശന പരീക്ഷ എന്ന രീതിയിൽ 'നീറ്റ്' പരീക്ഷ നടത്താൻ തീരുമാനിച്ചത്. അതുവരെ വിവിധ സംസ്ഥാനങ്ങൾ അവരുടേതായ പ്രവേശന പരീക്ഷകൾ ആയിരുന്നു നടത്തിവന്നിരുന്നത്.
കൂടാതെ ദേശീയ തലത്തിൽ എ.ഐ.പി.എം.ടി, ജിപ്മെർ തുടങ്ങിയ പരീക്ഷകളും നടത്തിയിരുന്നു. ഇതിനൊക്കെ ബദലായി രാജ്യം മുഴുവൻ ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയത്തിൽനിന്നാണ് 'നീറ്റ്' രൂപമെടുക്കുന്നത്. വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയില്ല എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് സുപ്രീംകോടതി ആ വർഷത്തെ 'നീറ്റ്' റദ്ദ് ചെയ്തു.
പിന്നീട് 2016 മുതലാണ് ഇന്നത്തെ രൂപത്തിൽ പരീക്ഷകൾ നടത്താൻ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും ബൃഹത്തായ പ്രവേശന പരീക്ഷയാണ് നീറ്റ്. ശരാശരി 18 ലക്ഷത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഈ പ്രക്രിയയുടെ ഭാഗമാകുന്നു.
ഡോക്ടർ ആവുകയെന്ന ഒരു വിദ്യാർഥിയുടെ സ്വപ്‍നം പരീക്ഷ ഹാളിലെ മൂന്നുമണിക്കൂറിലേക്ക് ചുരുക്കപ്പെടുന്നു എന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ആഴ്ചകളുടെ തയാറെടുപ്പുകൊണ്ട് ഈ പരീക്ഷ വിജയിക്കാൻ കഴിയില്ല എന്നർഥം. അവിടെയാണ് പരീക്ഷകേന്ദ്രം എന്നത് ഒരു ഗൾഫ് വിദ്യാർഥിയെ സംബന്ധിച്ച് നിർണായകമാകുന്നത്.
സാധാരണഗതിയിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്കുശേഷം ഏകദേശം ഒരു മാസത്തോളം സമയമാണ് 'നീറ്റ്' പരീക്ഷക്ക് തയാറെടുക്കാൻ കുട്ടികൾക്ക് ലഭിക്കുന്നത്. പരീക്ഷയെ ഗൗരവമായി സമീപിക്കുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ച് ഈ കാലയളവ് വളരെ പ്രധാനപ്പെട്ടതും അതിസങ്കീർണവുമാണ്. രണ്ടുവർഷം കൊണ്ട് പ്ലസ് വൺ, പ്ലസ് ടു ക്ലാസിൽ പഠിച്ച സിലബസ് മുഴുവൻ വീണ്ടും പഠിക്കാനും ചിട്ടയായ പരിശീലനം നടത്താനും അവർക്ക് കിട്ടുന്നത് ഈ ഒരുമാസം മാത്രമാണ്.
കാലങ്ങളായി ഗൾഫ് നാടുകളിൽ താമസിക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം 'നീറ്റ്' പരീക്ഷക്ക് വേണ്ടി കുട്ടികളെ നാട്ടിലേക്ക് അയക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
ലീവിന്റെ ലഭ്യത, വിമാന ടിക്കറ്റിന്റെ ലഭ്യതയും നിരക്കും, കുട്ടിയുടെ നാട്ടിലെ താമസസൗകര്യം, കുട്ടികൾക്ക് ശരിയായ മാർഗനിർദേശങ്ങളും പരിശീലനവും നൽകുന്ന സ്ഥാപനങ്ങൾ കണ്ടെത്തുക എന്നീ കാര്യങ്ങളിലെല്ലാം ഇവിടത്തെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമ്മുടെ കൺമുന്നിൽ നമുക്ക് കാണാൻ കഴിയും. കേവലം രക്ഷിതാക്കളുടെ പ്രയാസങ്ങൾക്കപ്പുറം ഇത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികളെയാണ്, അവരുടെ ആത്മവിശ്വാസത്തെയാണ്. ഒരു ചോദ്യത്തിന് വരുത്തുന്ന തെറ്റുപോലും കുട്ടിയുടെ സീറ്റ് നഷ്ടപ്പെടാൻ കാരണമായിത്തീരും എന്നിരിക്കെ ഇത്തരം മാനസിക സമ്മർദങ്ങൾ അവരെ എത്രത്തോളം പിറകിലേക്ക് വലിക്കുമെന്ന് ഊഹിക്കാൻ കഴിയും. കഴിഞ്ഞ 'നീറ്റ്' പരീക്ഷകളിലെ ഗൾഫ് വിദ്യാർഥികളുടെ പ്രകടനം ഈ വാദത്തെ സാധൂകരിക്കുന്നു.
എന്നിരുന്നാലും ഇപ്പോൾ നമുക്ക് ആശ്വസിക്കാം. ഖത്തറിൽ 'നീറ്റ്' സെന്റർ ലഭ്യമാവുകയും ഇന്ന് ആദ്യ പരീക്ഷ പൂർത്തിയാവുകയും ചെയ്യുന്നു.
ഇനി വേണ്ടത് കുട്ടികളെ ശരിയായ രീതിയിൽ പ്രാപ്തരാക്കുക എന്നതാണ്. മികച്ച പരിശീലന കേന്ദ്രങ്ങൾ ഇപ്പോൾതന്നെ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഭാവിയിൽ എല്ലാ പരീക്ഷകളുടെയും കേന്ദ്രങ്ങൾ ഇവിടെ വരുമെന്ന കാര്യത്തിൽ ഒരുസംശയവും വേണ്ട. പക്ഷേ, അതിന് എല്ലാവരുടെയും കൂട്ടായ്മ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.