ദോഹ: ആഗോള ടെക്നോളജി സമ്മേളനമായ വെബ് സമ്മിറ്റ് ഖത്തറിന്റെ രണ്ടാം പതിപ്പിന് ഞായറാഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കം കുറിക്കും. 1500ൽ അധികം സ്റ്റാർട്ടപ്പുകളും 600 പ്രഫഷനലുകളും അത്രതന്നെ നിക്ഷേപകരും ടെക്, ബിസിനസ് രംഗത്തെ നേതാക്കളുൾപ്പെടെ 25,000ത്തിലധികം ആളുകളും പങ്കെടുക്കുന്ന വെബ് സമ്മിറ്റ് മൂന്നു ദിവസം നീളും.
ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റ് സീരീസായ വെബ് സമ്മിറ്റ് ഖത്തർ 2025ൽ ഹോളിവുഡിലെ പ്രമുഖ നടനും ഓസ്കർ ജേതാവുമായ വിൽ സ്മിത്ത് സംസാരിക്കും. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തുമായി ചേർന്ന് 2019ൽ സ്ഥാപിച്ച വെസ്റ്റ്ബ്രൂക്ക് എന്റർടൈൻമെന്റ് കമ്പനി ലോകത്തെ അറിയപ്പെടുന്ന കമ്പനികളിലൊന്നാണ്. സിനിമ, ടെലിവിഷൻ, ഡോക്യുമെന്ററികൾ, നവമാധ്യമങ്ങൾ, കൺസ്യൂമർ പ്രോഡക്ട്സ് എന്നീ രംഗങ്ങളിൽ പുതിയ പ്രതിഭകളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയാണ് വെസ്റ്റ്ബ്രൂക്കിലൂടെ വിൽ സ്മിത്തും കമ്പനിയും ലക്ഷ്യമിടുന്നത്. മാധ്യമങ്ങൾ, സംസ്കാരം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം സംബന്ധിച്ച് വെബ് ഉച്ചകോടിയിലെ സെന്റർ സ്റ്റേജിലാണ് വിൽ സ്മിത്ത് സംസാരിക്കുക. ആഗോളതലത്തിൽ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും പോഡ്കാസ്റ്റ് ഹോസ്റ്റുമായ ജെയ് ഷെട്ടി വെബ് സമ്മിറ്റിൽ വിൽ സ്മിത്തുമായി അഭിമുഖം നടത്തും. തന്റെ കരിയർ, അഭിമുഖീകരിച്ച വെല്ലുവിളികൾ, വിനോദം, ബിസിനസ്, ജീവിതം എന്നിവയെല്ലാം അഭിമുഖത്തിൽ വ്യക്തമാക്കും.
ക്യു.ആർ.ഡി.ഐ കൗൺസിൽ സെക്രട്ടറി ജനറൽ ഒമർ അൽ അൻസാരി, ക്യു.ഐ.എ ടെക്നോളജി ആൻഡ് കമ്യൂണിക്കേഷൻസ് ഇൻവെസ്റ്റ്മെന്റ് മേധാവി മുഹമ്മദ് അൽ ഹർദാൻ, ക്യു.ഡി.ബി സി.ഇ.ഒ അബ്ദുറഹ്മാൻ ഹിഷാം അൽ സുവൈദി, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ദി വാൾസ്ട്രീറ്റ് ജേണലിസ്റ്റ് ഉടമ ഡൗ ജോൺസ് സി.ഇ.ഒ അൽമർ ലത്തൂർ, സ്കെയിൽ എ.ഐ സ്ഥാപകനും സി.ഇ.ഒയുമായ അലക്സാണ്ടർ വാങ്, സെവൻ സെവൻ സിക്സ് സ്ഥാപകനും പങ്കാളിയുമായ അലക്സിസ് ഒഹാനിയൻ എന്നിവരാണ് വെബ് സമ്മിറ്റിലെ മറ്റു പ്രഭാഷകർ.സ്റ്റാർട്ടപ് ഖത്തർ പവിലിയൻ വഴി ഇൻവെസ്റ്റ് ഖത്തർ ഇത്തവണയും വെബ് സമ്മിറ്റിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ഔദ്യോഗിക പങ്കാളിയെന്ന നിലയിൽ രാജ്യത്തിന്റെ ചലനാത്മകമായ സംരംഭക അന്തരീക്ഷം, ബിസിനസ് സൗഹൃദ അന്തരീക്ഷം, ഖത്തറിലും പുറത്തും വളർച്ച കൈവരിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമായ അവസരങ്ങൾ എന്നിവ ഇൻവെസ്റ്റ് ഖത്തർ, സ്റ്റാർട്ടപ് ഖത്തറിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.