ദോഹ: ഖത്തറിൽ പഠനം പൂർത്തിയാക്കുന്ന പ്രവാസി തൊഴിൽ അന്വേഷകരെയും സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഒന്നിപ്പിക്കുന്ന തൊഴിൽ മന്ത്രാലയത്തിന്റെ ‘ഉഖൂൽ’ പ്ലാറ്റ്ഫോം ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു തൊഴിൽ മേഖലയിലെ അന്വേഷണങ്ങളും അഭിമുഖങ്ങളും ഉൾപ്പെടെ നടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഉഖൂൽ പ്ലാറ്റ്ഫോം ആരംഭിക്കുന്ന കാര്യം മന്ത്രാലയം പ്രഖ്യാപിച്ചത്. ഖത്തറിൽ ഉന്നത പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവർക്ക് കമ്പനികൾ കയറിയിറങ്ങുന്നതും, ജോബ് വെബ്സൈറ്റുകളും സമൂഹ മാധ്യമ പേജുകളും പരതി ജോലിക്കായി തേടുന്നതിനുപകരം തൊഴിൽ ദാതാവിനെ തങ്ങളിലെത്തിക്കുന്ന സൗകര്യമാണ് ‘ഉഖൂൽ’ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.
ഗൂഗ്ൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി ചേർന്ന് വികസിപ്പിച്ച പ്ലാറ്റ്ഫോം നിർമിത ബുദ്ധിയിലധിഷ്ഠിത സേവനം വാഗ്ദാനം ചെയ്യുമ്പോൾ തൊഴിലന്വേഷകർക്ക് കാര്യങ്ങൾ എളുപ്പമാകും. ഖത്തറിലെ സ്വകാര്യ കമ്പനികൾക്ക് ഖത്തറിലെ സർവകലാശാലകളിൽ നിന്നും ബിരുദം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവരിലേക്ക് വേഗത്തിലെത്താനും, തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനുമൊത്ത തൊഴിൽ കണ്ടെത്താനും ‘ഉഖൂൽ’ വഴിയൊരുക്കും.
ഉഖൂലിന്റെ ആദ്യ ഘട്ടം പ്രവർത്തന ക്ഷമമായതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ ദേശസാത്കരണത്തിന് പുറത്തുള്ള മേഖലകളിലേക്കാണ് ഈ പ്ലാറ്റ്ഫോം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മികച്ച യോഗ്യതയുള്ള പ്രവാസികളായ തൊഴിൽ അന്വേഷകർക്ക് രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും, അവസരങ്ങൾ സ്വന്തമാക്കാനും ഇതുവഴി സാധിക്കുമെന്നും വ്യക്തമാക്കി. ഖത്തറിൽ നിന്നുള്ള തന്നെ തൊഴിലാളികളെ തേടുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാവുക.
കമ്പനികൾക്ക് തങ്ങളുടെ തൊഴിൽ വിശദാംശങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഉഖൂലിൽ നേരിട്ട് അപ് ലോഡ് ചെയ്യാം. ഇതോടൊപ്പം തൊഴിലുടമകൾക്ക് ആവശ്യാനുസരണം തൊഴിൽ വിവരണങ്ങൾ തയാറാക്കാൻ സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ടും ലഭ്യമാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ചാറ്റ്ബോട്ട് ജോലിക്ക് അർഹരായവരിലേക്ക് വിവരങ്ങൾ എത്തിക്കുകയും, തൊഴിലുടമക്ക് ഏറ്റവും മികച്ച റിക്രൂട്ട്മെന്റിന് വഴിയൊരുക്കുകയും ചെയ്യും.
ഖത്തറിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കുന്ന തൊഴിൽ അന്വേഷകർക്ക് സ്വകാര്യ മേഖലകളിൽ അവസരങ്ങൾ കണ്ടെത്താനും, മികച്ച കരിയർ കെട്ടിപ്പടുക്കാനും സഹായിക്കുന്നതാണ് തൊഴിൽ മന്ത്രാലയം കുടിയേറ്റ തൊഴിൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഹമദ് ദൽമൂഖ് പറഞ്ഞു.
സ്വകാര്യ മേഖലാ കമ്പനികൾക്ക് തൗതീഖ് നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) വഴി ഉഖൂൽ സേവനം ലഭ്യമാകും. കമ്പനികളുടെ സിഗ്നേറ്ററി ഓതറൈസേഷൻ കാർഡ്, അല്ലെങ്കിൽ പി.ആർ.ഒ കാർഡ് വഴി ഉപയോഗിക്കാം. പ്രാഥമിക നടപടികൾക്കുശേഷം, കമ്പനികൾക്ക് ബന്ധപ്പെട്ടവരെ പ്ലാറ്റ്ഫോം ഉപയോഗത്തിനായി ചുമതലപ്പെടുത്താനും കഴിയും.
രണ്ടാം ഘട്ടത്തിലാവും സർവകലാശാല ബിരുദദാരികൾക്ക് രജിസ്റ്റർ ചെയ്യാനും, ബയോഡേറ്റകൾ തയാറാക്കാനും അവസരമൊരുക്കുന്നത്. പ്ലാറ്റ്ഫോമുമായി ബന്ധം സ്ഥാപിച്ച ഖത്തരി സർവകലാശാലകളിൽ നിന്നുള്ള പൂർവ വിദ്യാർഥികൾക്ക് മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അവസരം.
സി.വി തയാറാക്കൽ, തൊഴിൽ അപേക്ഷ സമർപ്പിക്കൽ, തൊഴിൽ അഭിമുഖങ്ങൾ, കരാറിൽ ഒപ്പുവെക്കൽ തുടങ്ങിയ നിരവധി തൊഴിലനുബന്ധ സേവനങ്ങളാണ് ‘ഉഖൂൽ’ വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ തൊഴിൽ വിപണി ശക്തിപ്പെടുത്താനും, ദേശീയ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനുമെല്ലാം ‘ഉഖൂൽ’ വഴിയൊരുക്കും. കേന്ദ്രീകൃത മാച്ചിങ് സംവിധാനമാണ് ഇതിന്റെ പ്രത്യേകത. തൊഴിലന്വേഷകന്റെ യോഗ്യതയും തൊഴിലുടമയുടെ ആവശ്യവും പരസ്പരം തുലനം ചെയ്യാനും അർഹരായവരെ കൃത്യമായ തൊഴിലിൽ എത്തിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.