ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്.ഐ.എ) ഖത്തർ എയർവേയ്‌സുമായി ചേർന്ന് യാത്രക്കാർക്കായി ‘ഫാസ്റ്റ് പാസ്’ എന്ന പുതിയ ബയോമെട്രിക് സംവിധാനം അവതരിപ്പിച്ചു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനത്താവളത്തിലെ പ്രധാന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതാണ് ഈ പുതിയ സേവനം. യാത്രക്കാർക്ക് ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ്, സെക്യൂരിറ്റി ഗേറ്റ്, ബോർഡിംഗ് ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ബോർഡിംഗ് പാസിന് പകരം തങ്ങളുടെ മുഖം ഉപയോഗിച്ച് തിരിച്ചറിയൽ പൂർത്തിയാക്കാം. ഇതിലൂടെ പേപ്പർ രേഖകളുടെ ഉപയോഗം കുറക്കാനും സമയം ലാഭിക്കാനും സാധിക്കും.
യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ വിമാനത്താവളത്തിലെ സെൽഫ്-സർവിസ് കിയോസ്കുകൾ വഴിയോ ഇതിനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനായി സാധുവായ പാസ്‌പോർട്ട് കൈവശമുണ്ടാകണം. ദോഹയിൽ നിന്ന് യാത്ര ആരംഭിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. കിയോസ്കുകളിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ആ യാത്രയ്ക്കായി മാത്രം സുരക്ഷിതമായി സൂക്ഷിക്കുകയും, ഫ്ലൈറ്റ് പുറപ്പെട്ട് 24 മണിക്കൂറിനുള്ളിൽ നശിപ്പിക്കുകയും ചെയ്യും. ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ അവരുടെ ഉപകരണങ്ങളിൽ തന്നെയായിരിക്കും സുരക്ഷിതമായിരിക്കുക.
ഇതൊരു ഓപ്ഷണൽ സേവനമാണെന്ന് അധികൃതർ അറിയിച്ചു. പഴയ രീതിയിൽ പാസ്‌പോർട്ടും ബോർഡിംഗ് പാസും കാണിച്ച് യാത്ര തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും വിമാനത്താവളത്തിൽ ലഭ്യമാണ്. എങ്കിലും, ഇമിഗ്രേഷൻ വിഭാഗത്തിലും ഇ-ഗേറ്റുകളിലും പാസ്‌പോർട്ട് നിർബന്ധമാണ്. ബയോമെട്രിക് ക്യാമറകൾക്ക് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ പാസ്‌പോർട്ട് പരിശോധന ആവശ്യമായി വരും. നിലവിൽ ഭിന്നശേഷിക്കാർക്ക് ഈ സേവനം ലഭ്യമല്ലെങ്കിലും ഭാവിയിൽ അത് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.