അൽഖോർ ഹെൽത്ത് സെൻറർ
ദോഹ: ആധുനിക സൗകര്യങ്ങളുമായി അൽഖോർ ഹെൽത്ത് സെൻറർ നിർമാണം അവസാന ഘട്ടത്തിലേക്ക്. ഹെൽത്ത് സെൻററിൻെറ പ്രധാനനിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
പ്രതിദിനം അറുനൂറോളം സന്ദർശകരെ ഉൾക്കൊള്ളാൻ വിധത്തിൽ 25,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് ഹെൽത്ത് സെൻററിൻെറ പ്രധാന കെട്ടിടം നിർമിക്കുന്നത്. 40 ക്ലിനിക്കുകൾക്ക് പുറമേ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, ഫാർമസി, സ്പാ, ജിം എന്നിവയും പള്ളി, മറ്റു സേവനങ്ങൾക്കായുള്ള പ്രധാന കെട്ടിടം, ആംബുലൻസിനായുള്ള ഗാരേജ്, 297 പാർക്കിങ് സ്ലോട്ടുകൾ എന്നിവാണ് അൽഖോർ ഹെൽത്ത് സെൻററിലുള്ളത്.
അന്താരാഷ്ട്ര നിലവാരത്തോടെയും പ്രാദേശിക സവിശേഷതകളോടെയും പദ്ധതിയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി പ്രാേജക്ട് മാനേജർ എൻജി. അഹ്മദ് അൽ മഹ്മീദ് പറഞ്ഞു. നിർമാണം ആരംഭിച്ചതു മുതൽ ഇതുവരെയായി ഒരു മില്യനിലധികം അപകടരഹിത മണിക്കൂറുകളാണ് പിന്നിട്ടതെന്നും പദ്ധതിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണിതെന്നും അൽ മഹ്മീദ് കൂട്ടിച്ചേർത്തു.
2018ലാണ് അശ്ഗാൽ അൽഖോർ ഹെൽത്ത് സെൻറർ പദ്ധതി ആരംഭിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നിർമാണം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പദ്ധതിയുടെ നിർമാണത്തിനാവശ്യമായ 60 ശതമാനം മെറ്റീരിയലുകളും (ഉരുക്ക്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഗ്ലാസ്) പ്രാദേശികമായ കമ്പനികളുടേതാണെന്നും പ്രാദേശിക ഉൽപന്നങ്ങൾക്കും നിർമാതാക്കൾക്കും പിന്തുണ നൽകുകയെന്ന സർക്കാർ നിർദേശപ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
താഴെ നിലയിൽ ഫാർമസി, 18 ക്ലിനിക്കൽ റൂമുകളുള്ള ജനറൽ ക്ലിനിക്കുകൾ, വനിത ശിശു വിഭാഗം ക്ലിനിക്കുകൾ, ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, റേഡിയോളജി വിഭാഗം, വനിതാ പ്രാർഥന റൂം എന്നിവയും ഒന്നാം നിലയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ, ഡെൻറൽ ക്ലിനിക്കുകൾ, ലബോറട്ടറി,ട്രെയിനിങ് റൂം, ന്യൂട്രീഷ്യൻ ഡയറ്റിങ് ടീച്ചിങ് റൂം, മൾട്ടിപർപസ് ഹാൾ എന്നിവയും നിർമിക്കുന്നുണ്ട്.
പരമ്പരാഗത ശൈലി ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിൽ പരിസ്ഥിതി സൗഹൃദ ഉൗർജ േസ്രാതസ്സുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.പ്രൈമറി ഹെൽത്ത് കോർപറേഷനു (പി.എച്ച്.സി.സി) കീഴിൽ രാജ്യത്ത് പുതിയ നാല് ഹെൽത്ത് സെൻററുകൾ കൂടി സ്ഥാപിക്കുന്നു. ഇതിെൻറ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്.മദീന ഖലീഫ ഹെൽത്ത് സെൻറർ, ഉം ഗുവൈലിന ഹെൽത്ത് സെൻറർ, നുഐജ ഹെൽത്ത് സെൻറർ, അൽ തിമൈദ് ഹെൽത്ത് സെൻറർ എന്നിവയാണ് നാല് പുതിയ ആശുപത്രികൾ.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പുതിയ ഹെൽത്ത് സെൻററുകളുടെ നിർമാണം.2024 ആദ്യപാദത്തിൽ നാല് പുതിയ ഹെൽത്ത് സെൻററുകളുടെയും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുകയാണ് ലക്ഷ്യം. പി.എച്ച്.സി.സിയുടെ കീഴിൽ നിലവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആകെ 27 ഹെൽത്ത് സെൻററുകളാണുള്ളത്.
10,000 പേര്‍ക്ക് ശരാശരി 16.3 ആശുപത്രി കിടക്കകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആൻഡ് ഡെവലപ്മെൻറ് (ഒ.ഇ.സി.ഡി) രാജ്യങ്ങളിലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഈ കണക്ക് കുറവാണ്. ഒ.ഇ.സി.ഡി രാജ്യങ്ങളില്‍ 10,000 പേര്‍ക്ക് 47.9 ആശുപത്രി കിടക്കകളാണുള്ളത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്നുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ (എച്ച്.എം.സി) വലിയ വിപുലീകരണ പദ്ധതിയുടെ ഫലമായാണ് 2016നുശേഷം മൊത്തം കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ആശുപത്രി കിടക്കകളുടെ എണ്ണം ഏകദേശം 3800 ആയിരുന്നത് 2033 ആകുമ്പോഴേക്കും 5700 ആയി ഉയരുമെന്ന് ഖത്തർ നാഷനൽ ബാങ്ക് റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നുണ്ട്. 2011നും 2016നുമിടയില്‍ ഖത്തറില്‍ അഞ്ച് പുതിയ ആശുപത്രികള്‍ തുറന്നപ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം ആരോഗ്യമേഖലയില്‍ ശ്രമങ്ങള്‍ ശക്തമാക്കി. പിന്നിട്ട കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ആറു പുതിയ പൊതുമേഖലാ ആശുപത്രികള്‍ തുറന്നു. 1100ലധികം ആശുപത്രി കിടക്കകളാണ് സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.