ഖത്തരി ദിയാർ സി.ഇ.ഒ എൻജി അലി മുഹമ്മദ് അൽ അലിയും എസ്.ടി എൻജിനീയറിങ്
ഡെപ്യൂട്ടി എം.ഡി താൻ സൂൺ കിമ്മും കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: സ്വപ്നത്തിലെന്നപോലെ ജീവിതമൊരുക്കുന്ന ഇടമായി ഖത്തറിന്റെ ആഢംഭര നഗരമായ ലുസൈൽ മാറുന്നു. ലുസൈൽ സിറ്റിയെ അടിമുടി സ്മാർട്ടാക്കി മാറ്റുന്നത് സംബന്ധിച്ച കരാറിൽ ഖത്തരി ദിയാറും സിംഗപ്പൂർ ആസ്ഥാനമായ എസ്.ടി എൻജിനീയറിങ്ങും ഒപ്പുവെച്ചു.
2024 അവസാനപാദത്തിൽ തുടങ്ങി 2027 ഓടെ പൂർത്തിയാകുന്ന ലുസൈൽ സ്മാർട്സ് സിറ്റി പദ്ധതിയുടെ കരാർ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സിറ്റി സ്കേപ് ഖത്തർ വേദിയിലാണ് ഒപ്പുവെച്ചത്. രൂപകൽപന, നിർമാണം, നടത്തിപ്പ് ഉൾപ്പെടെ കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. 60 ദശലക്ഷം സിംഗപ്പൂർ ഡോളർ (16.77 കോടി റിയാൽ) കരാറാണ് ധാരണയായതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിർമിത ബുദ്ധിയും ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്ന ഒരു സമ്പൂർണ സംയോജിത സ്മാർട്ട് സിറ്റിയായി ലുസൈലിനെ മാറ്റിയെടുക്കുന്നതാണ് പദ്ധതി. എസ്.ടി എൻജിനീയറിങ്ങും സൊലൂഷന്റെ ‘അജിൽ സ്മാർട്സിറ്റി ഓപറേറ്റിങ് സിസ്റ്റം’ വഴിയാവും ലുസൈൽ നഗരം അടിമുടി സ്മാർട്ടായി മാറുന്നത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഊന്നൽ നൽകിയുള്ളതാണ് ഈ ചുവടുവെപ്പ്.
ലുസൈൽ നഗരം
സ്മാർട്ട്സിറ്റി സേവനങ്ങളും ആപ്ലിക്കേഷനുകളുമെല്ലാം ബന്ധിപ്പിക്കുകയും നഗരവ്യാപകമായ പ്രവർത്തനങ്ങളുടെയും മാനേജ്മെന്റിന്റെയും കാര്യക്ഷമതയും പ്രതികരണശേഷിയും വർധിപ്പിക്കുന്നതിലൂടെയാണ് സ്മാർട്ടാക്കി മാറ്റുന്നത്. ലുസൈലിനെ സുസ്ഥിര നഗരമാക്കി മാറ്റുന്നതിനൊപ്പം 4.50 ലക്ഷത്തോളം വരുന്ന താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരവും മെച്ചപ്പെടുത്തും.
റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ വികസിപ്പിക്കുക എന്നതിനപ്പുറം ജനങ്ങൾക്ക് ഏറ്റവും നൂതനമായ സാങ്കേതിക തികവോടെയുള്ള ജീവിതം ഉറപ്പാക്കുകയാണ് ഖത്തരി ദിയാറിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ എൻജി അലി മുഹമ്മദ് അൽ അലി പറഞ്ഞു.
നിർമിത ബുദ്ധിയധിഷ്ഠിത സാങ്കേതികവിദ്യകളും സംവേദനാത്മക ആപ്ലിക്കേഷനുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, നഗരത്തെ കൂടുതൽ സ്മാർട്ടാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഈ നീക്കം ലുസൈലിനെ പ്രാദേശികമായും ആഗോളതലത്തിലും ഒരു മാതൃകാ സ്മാർട്ട് സിറ്റിയാക്കി മാറ്റും -അദ്ദേഹം പറഞ്ഞു.
അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം വഴി മുഴുസമയ ഓട്ടോമേറ്റഡ് നഗര, കെട്ടിട-അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിരീക്ഷണവും പ്രവർത്തന മേൽനോട്ടവുമെല്ലാം ഉൾപ്പെടുന്നു. താമസക്കാർക്കും സന്ദർശകർക്കുമായി എ.ഐ ചാറ്റ്ബോട്ട് ഉൾപ്പെടെ അതി നൂതനമാണ് സ്മാർട്ട് സിറ്റിയിലെ പദ്ധതികൾ.
അതേസമയം, ഖത്തരി ദിയാറിന് കീഴിലെ ലുസൈൽ സിറ്റി പദ്ധതികളിലെ നിക്ഷേപ അവസരങ്ങളും അധികൃതർ പ്രഖ്യാപിച്ചു. പാർപ്പിടം, വിനോദം, ബിസിനസ് എന്നിവ സമന്വയിപ്പിക്കുന്ന സംയോജിത നിക്ഷേപം, വാണിജ്യ പദ്ധതികൾ സിറ്റി സ്കേപ്പിലൂടെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.