ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: റഷ്യ -യുക്രെയ്ൻ പ്രതിസന്ധിക്ക് ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണക്കുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് മേധാവി ആൻഡ്രി യെർമാക്ക്, യുക്രെയ്ൻ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തേം ഉമെറോ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളും അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
റഷ്യ-യുക്രെയ്ൻ സംഘർഷവും പുതിയ സംഭവവികാസങ്ങളും സമാധാനപരമായി അവ പരിഹാരത്തിനുള്ള വഴികളും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളും അവർ ചർച്ച ചെയ്തു.സംഘർഷത്തിൽ വേർപിരിഞ്ഞ യുക്രെയ്ൻ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ ഖത്തർ നടത്തിയ ശ്രമങ്ങളെ പ്രതിനിധികൾ അഭിനന്ദിച്ചു. കൂടാതെ, യുക്രെയ്നിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമാധാനപരമായി പ്രശ്നപരിഹാരത്തിന് ഖത്തർ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെയും അവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.