സ്നേഹവും സൗഹൃദവും പകർന്നു തന്ന എല്ലാ ഇഫ്താറുകളും സന്തോഷമുളള ഓർമകളാണ്. സുഹൃത്തുക്കളായ ഷാഹിദിെൻറയും സുൽത്തിയുടെയും വീട്ടിൽ വച്ചായിരുന്നു ആദ്യത്തെ ഇഫ്താർ. വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് ആദ്യ അറിവും ലഭിച്ചത് അവരിൽ നിന്നാണ്.വ്രതാനുഷ്ഠാനവും ഇഫ്താറും അനുഭവിച്ചുതുടങ്ങിയത് പ്രവാസ ജീവിതത്തിൽ നിന്നാണ്. കടുത്ത ചൂട് സമയത്ത്, പകൽ മുഴുവൻ ജലപാനം പോലുമുപേക്ഷിച്ച് നോമ്പെടുക്കുന്നവർ ആദ്യമൊക്കെ അമ്പരപ്പാണ് ഉണ്ടാക്കിയത്. അടുത്ത സുഹൃത്തുക്കളായ നോമ്പുകാരിൽ നിന്നാണ് ഭൗതികമായ കരുത്തല്ല, ആത്മീയമായ സ്ഥൈര്യമാണ് അതിന് പ്രാപ്തരാക്കുന്നത് എന്ന് പഠിച്ചത്. ഒരു വർഷം മുഴുവൻ ഒരു വിശ്വാസി എന്ന നിലക്ക് മതം നൽകുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള ഊർജമാണ് വിശുദ്ധ റമദാൻ നൽകുന്നത്. സ്രഷ്ടാവ് സൃഷ്ടികളോടും സൃഷ്ടി സഹജീവികളോടും കൂടുതൽ കാരുണ്യം കാണിക്കുന്ന മുപ്പത് ദിനരാത്രങ്ങൾ. പ്രലോഭനങ്ങൾക്കും ആസക്തികൾക്കുമെതിരായ സമരം.
നോമ്പെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എനിക്കത് അസാധ്യമായിരുന്നു. മറ്റാരും നോമ്പെടുക്കാത്ത വീട്ടിൽ എല്ലാ ദിവസവും നോമ്പെടുക്കുകയാണ് എെൻറ മകൾ സാന്ദ്ര. ബാങ്ക് വിളിക്ക് മുമ്പ് ഭക്ഷണമൊക്കെ തയ്യാറാക്കി ഇരിക്കുന്ന മോളെ കാണുമ്പോൾ വലിയ അത്ഭുതമാണ്.
ഇഫ്താർ വിരുന്നുകൾ നൽകുന്ന സൗഹൃദത്തിെൻറയും സമഭാവനയുടെയും സന്ദേശം പുതിയ കാലത്ത് വലിയ സാമൂഹ്യ ദൗത്യമാണ് നിറവേറ്റുന്നത്. മനുഷ്യർക്കിടയിൽ മതിലുകളുയരുന്ന കാലം...വെറുപ്പിെൻറ രാഷ്ട്രീയം അടുക്കളയിൽ വരെയെത്തുന്ന കാലം. നിങ്ങൾക്കിഷ്ടപ്പെട്ട രുചിയുടെ പേരിൽ നിങ്ങൾ കൊല്ലപ്പെട്ടേക്കാവുന്ന കാലം. അടുക്കളയിൽ വേവുന്ന മാംസത്തിെൻറ മണം പിടിച്ച് മരണമെത്തുന്ന കാലം. അങ്ങനെയുള്ള കാലത്ത് ജാതി–മത–ദേദമന്യേ ഒരുപാട് മനുഷ്യർ ഒരുമിച്ചിരുന്ന് വ്യത്യസ്തമായ രുചികൾ പങ്കുവച്ച് കഴിക്കുന്നത് എത്ര മനോഹരമാണ്. ഇഫ്താർ വിഭവങ്ങൾക്ക് അത്തരമൊരു വിശാലമാനവികതയുടെ മസാലമണമുണ്ട്. സ്നേഹത്തിെൻറ രുചിയുണ്ട്. അതുകൊണ്ട് തന്നെ ഇഫ്താർ വിരുന്നുകൾ ഒരു രാഷ്ട്രീയ ദൗത്യം കൂടി നിറവേറ്റുന്നുണ്ട്. ഖത്തറിലെ സൗഹൃദക്കൂട്ടായ്മകളുടെ ഇഫ്താർ വിരുന്നിലേക്ക് ബീഫ് പാകം ചെയ്തു കൊണ്ടുപോകാറുണ്ട്. അങ്ങനെയാവുമ്പോൾ എനിക്കിതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.