എൽ.എൻ.ജി കയറ്റുമതിയിൽ ഒന്നാമതെത്തി ഖത്തർ

ദോഹ: ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയില്‍ ഖത്തര്‍ ലോകത്ത് ഒന്നാമതെത്തി. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലെ കയറ്റുമതി കണക്കുകൾ പ്രകാരം അമേരിക്കയെ ഖത്തര്‍ മറികടന്നാണ് ഖത്തർ അന്താരാഷ്ട്ര വിപണിയിൽ മുന്നിലെത്തിയത്. കുവൈത്ത് ആസ്ഥാനമായുള്ള കാംകോ ഇന്‍വെസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏപ്രിലില്‍ ഖത്തറിന്റെ എല്‍.എൻ.ജി കയറ്റുമതി 11.9 ബില്യണ്‍ ഡോളറിന്റേതാണ്. 2021 ഏപ്രിലിലെ കണക്കിന്റെ ഇരട്ടിയോളം വരുമിത്. രാജ്യത്തിന്റെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്ത് എൽ.എൻ.ജി കയറ്റുമതിയുടെ 21 ശതമാനം ഖത്തറില്‍ നിന്നാണ്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഖത്തറില്‍നിന്ന് കൂടുതല്‍ ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ട്.

2021ല്‍ ഇ.യു ആകെ ഇറക്കുമതി ചെയ്ത എൽ.എൻ.ജിയില്‍ 24 ശതമാനം ഖത്തറില്‍ നിന്നാണ്. ആഗോള എൽ.എൻ.ജി ഉൽപാദനത്തിന്റെ 22 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. 77.1 മില്യണ്‍ ടണ്‍ വാതകമാണ് പ്രതിവര്‍ഷം ഖത്തര്‍ ഉൽപാദിപ്പിക്കുന്നത്. ഇത് 110 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 29 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നടപ്പാക്കുന്ന നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ട് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഉൽപാദനം 43 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നോർത്ത് ഫീൽഡ് പ്രോജകട്സ് വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ ഖത്തർ എനർജി നിരവധി രാജ്യാന്തര പ്രകൃതിവാതക കമ്പനികളുമായി പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നു.

Tags:    
News Summary - Qatar tops the list of LNG exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.