ദോഹ: ഖത്തറിന്റെ പരിസ്ഥതിയിലെ നുഴഞ്ഞുകയറ്റക്കാരായ മൈനകൾക്കെതിരെ നടപടികൾ കർശനമാക്കി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പരിസ്ഥിതിക്ക് ആഘാതമായ ഈ കുടിയേറ്റ പക്ഷികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി സംഘടിപ്പിച്ച കാമ്പയിനിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങളും എക്സ് പോസ്റ്റിലൂടെ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
മൈനയുടെ വ്യാപനം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തണമെന്നും വ്യാപനം തടയാൻ സഹായിക്കുന്നതിന് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഈ വിവരങ്ങൾ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ (ഐ.യു.സി.എൻ) പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ആക്രമണാത്മകമായ പക്ഷിയിനങ്ങളിൽ ഒന്നായി മൈനയെ തരംതിരിച്ചിട്ടുണ്ട്.
മറ്റ് പക്ഷിമൃഗാദികളോട് ആക്രമണാത്മക സ്വഭാവം പ്രകടിപ്പിക്കുന്നതിനു പുറമേ, വിളകൾക്ക് ഭീഷണിയാകുകയും പക്ഷിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മാർക്കുല 2009ൽ നടത്തിയ പഠനത്തിൽ പറയുന്നു.
മൈനകൾ ഒത്തുചേരുന്ന ഇടങ്ങളോ കൂടുകൂട്ടുന്ന സ്ഥലങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണം. ഇതിലൂടെ മൈനകളുടെ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.
മൈനകൾക്ക് ഭക്ഷണങ്ങൾ നൽകരുതെന്ന് താമസക്കാർക്ക് നിർദേശമുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം അവശേഷിക്കുന്നവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചുമരുകളിലും മേൽക്കൂരകളിലും സമീപത്തെ മരങ്ങളിലും ഇവയ്ക്ക് കൂടുകൂട്ടാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം
മൈനകളെ പിടിക്കാൻ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യരുത്. പിടികൂടിയ പക്ഷികളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ടീമുകളെ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.