ദോഹ: ഇറാനിലേക്കുള്ള വിമാനസർവീസുകൾ ഖത്തർ എയർവേയ്സ് വിപുലീകരിക്കുന്നു. ഇറാനിലെ ഇസ് ഫഹാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് നേരിട്ടുള്ള പുതിയ സർവീസുകളാണ് തുടങ്ങാൻ പോകുന്നത്. ഇൗ സർവീസുകൾ 2019 ഫെബ്രുവരി നാലുമുതൽ തുടങ്ങും. ഇതുകൂടാതെ ഷിറാസ്, തെഹ്റാൻ എന്നിവിടങ്ങളിലേക്ക് 2019 ജനുവരിയിലും സർവീസുകൾ വർധിപ്പിക്കും. ഇതോടെ ഖത്തർ എയർവേയ്സിെൻറ ഇറാനിലേക്കുള്ള നാലാമത് നേരിട്ടുള്ള പാതയായി ഇസ്ഫഹാൻ മാറും. ടെഹ്റാൻ, ഷിറാസ്, മശാദ് എന്നിവയും ഇൗ ഗണത്തിലേക്ക് വരും. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് ദോഹയിൽ നിന്ന് ഇറാനിലേക്ക് പുതിയ സർവീസുകൾ നടത്തുക. എ 320 വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് ഉണ്ടാവുക. തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ഷിറാസിലേക്ക് പുതിയ മൂന്ന് സർവീസുകൾ തുടങ്ങുക.
അടുത്ത ജനുവരി രണ്ട് മുതലാണ് ഇവ ആരംഭിക്കുകയെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു. തെഹ്റാൻ റൂട്ടിലേക്ക് രണ്ട് പുതിയ സർവീസുകളും കമ്പനി ആരംഭിക്കുന്നുണ്ട്. ജനുവരി രണ്ട് മുതൽ ബുധനാഴ്ചകളിലും ജനുവരി നാല് മുതൽ വെള്ളിയാഴ്ചകളിലുമാണ് ഇൗ സർവീസുകൾ. ഇതോടെ ചൊവ്വാഴ്ച ഒഴികെ മൂന്ന് സർവീസുകൾ നടത്തുന്ന റൂട്ട് ആയി ഇത് മാറും. പുതിയ സർവീസുകൾ തുടങ്ങുന്നത് ഏറെ സന്തോഷകരമാണെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ അക്ബർ അൽ ബാക്കിർ പറഞ്ഞു. ഇസ്ഫഹാൻ ഏറെ പ്രത്യേകതകൾ നിറഞ്ഞ ദേശമാണ്. പരമ്പരാഗത കൊത്തുപണികളാലും അലങ്കരങ്ങളാലും നിർമിതികളാലും സമ്പന്നമാണ് അവിടം. ഖത്തർ എയർവേയ്സിെൻറ നാലാമത് ഗേറ്റ്വേയായി ഇസ്ഫഹാൻ മാറുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം കൊണ്ട് മാത്രമല്ല ഇസ്ഫഹാൻ അറിയപ്പെടുന്നത്. ഇറാനിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം കൂടിയായ ഇസ്ഫഹാൻ അന്താരാഷ്ട്ര സഞ്ചാരികളുെട ഇഷ്ടകേന്ദ്രം കൂടിയാണ്. പഴമയും പുതുമയും കോർത്തിണക്കിയ മനോഹരമായ ദേശമാണ് അത്.
ഷിറാസിലേക്കും തെഹ്റാനിലേക്കും കമ്പനിയുടെ ആഴ്ച സർവീസുകൾ വർധിപ്പിക്കുന്നതിലും ഏറെ അഭിമാനിക്കുന്നുവെന്നും അൽബാക്കിർ കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഖത്തർ ബന്ധത്തിെൻറ കൂടുതൽ തെളിവാണ് സർവീസുകൾ കൂട്ടുന്നതിലൂടെ തെളിയുന്നത്. ബിസിനസ് ആവശ്യങ്ങൾക്കും വിനോദ സഞ്ചാര ആവശ്യങ്ങൾക്കുമായി പോകുന്നവർക്കും ഏറെ ഗുണകരമാണ് പുതിയ സർവീസുകൾ. ഇസ്ഫഹാനിലേക്ക് തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും തുടങ്ങുന്ന പുതിയ സർവീസുകൾ പുലർച്ചേ 1.45നാണ് ദോഹയിൽ നിന്ന് പുറപ്പെടുക. ഇസ്ഫഹാനിൽ പുലർച്ചെ നാല് മണിക്ക് എത്തിച്ചേരും. മടക്ക വിമാനം ഇസ്ഫഹാനിൽ നിന്ന് പുലർച്ചേ 5.10ന് പുറപ്പെട്ട് ദോഹയിൽ 6.25ന് എത്തും. 2004 മുതൽ ഖത്തർ എയർവേയ്സ് തെഹ്റാനിലേക്ക് വിമാനസർവീസ് നടത്തുന്നുണ്ട്. രണ്ട് പുതിയ സർവീസുകൾ കൂടി തുടങ്ങുന്നതോടെ ദോഹയിൽ നിന്ന് ഇറാനിലേക്കുള്ള നേരിട്ടുള്ള സർവീസുകളുെട എണ്ണം 20 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.