ദോഹ: റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവർക്ക് ആഭ്യന്തരമന്ത്രാലയത്തിെൻറ സ്മരണാഞ്ജലി. ജീവൻ നഷ്ടപ്പെട്ടവരെ സ്മരിക്കുന്നതിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ ഗതാഗത സുരക്ഷാ സമിതി, പൊതുജനാരോഗ്യ മന്ത്രാലയം, ഗതാഗത, വാർത്താവിനിമയ മന്ത്രാലയം, ഖത്തർ സർവകലാശാലയിലെ ഖത്തർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
റോഡ് അപകടങ്ങളും ജീവൻ പൊലിയുന്നവരുടെ കണക്കും ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും 2011–2020 കാലയളവിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് 10 വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ദേശീയ ഗതാഗത സുരക്ഷാ സമിതി ചെയർമാൻ മേജർ ജനറൽ മുഹമ്മദ് സഅദ് അൽ ഖർജി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, ലാൻഡ് ട്രാൻസ്പോർട്ട് അസി. അണ്ടർ സെക്രട്ടറി റാഷിദ് താലിബ് അൽ നാബിത്, ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ മലികി, ഡോ. ഹസൻ ആൽഥാനി, എഞ്ചി. അബ്ദുൽ അസീസ് അലി അൽ സാദ, ഡോ. മുഹമ്മദ് അൽ ഖർബഷി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. റോഡപകടങ്ങളിൽ ജീവൻ വെടിഞ്ഞവർക്കായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മദീന ഖലീഫയിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിൽ പ്രത്യേക പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.