'പർപ്പിൾ സാറ്റർഡേ' ആഘോഷ പരിപാടികൾ
ദോഹ: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി 'പർപ്പിൾ സാറ്റർഡേ 2026' രണ്ടാം എഡിഷൻ രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികളോടെ തുടരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനവും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും, രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദ ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും വിസിറ്റ് ഖത്തർ, സാമൂഹിക വികസന -കുടുംബ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.
എല്ലാ വർഷവും ജൂലൈ മാസത്തെ അവസാന ശനിയാഴ്ചയാണ് 'പർപ്പിൾ സാറ്റർഡേ' ദിനം ആചരിക്കുന്നത്. 2021ൽ സൗദി അറേബ്യയിലെ 'അതോറിറ്റി ഫോർ ദ കെയർ ഓഫ് പീപ്പ്ൾ വിത്ത് ഡിസെബിലിറ്റീസ്' ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. തുടർന്ന് ജി.സി.സി രാജ്യങ്ങളിലുടനീളം വ്യാപിച്ച സംരംഭത്തിലൂടെ ഭിന്നശേഷിക്കാർക്ക് തുല്യ അവകാശങ്ങളും തടസ്സങ്ങളില്ലാത്ത സേവനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ തുടരുന്നു.
പൊതു -സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ വിപുലമായ പരിപാടികളാണ് ഖത്തറിൽ നടന്നു വരുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ കെട്ടിടങ്ങളും ലാൻഡ്മാർക്കുകളും പർപ്പിൾ വെളിച്ചത്തിൽ പ്രകാശപൂരിതമാക്കി ഭിന്നശേഷി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കൂടാതെ, ഖത്തർ കലണ്ടർ സംഘടിപ്പിച്ച 'ഖത്തർ ടോയ് ഫെസ്റ്റിവലിൽ' ഭിന്നശേഷിക്കാർക്കായി സൗജന്യ പ്രവേശനം അനുവദിക്കുകയും പ്രത്യേക ആഘോഷപരിപാടികൾ ഒരുക്കുകയും ചെയ്തിരുന്നു.
ദിനാചരണത്തിന് പിന്തുണയുമായി ടൂറിസം മേഖലയിലെ പ്രമുഖ ഹോട്ടലുകൾ, റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ എന്നിവയും രംഗത്തെത്തിയിട്ടുണ്ട്. പർപ്പിൾ സാറ്റർഡേ കാമ്പയിൻ തുടർച്ചയായി ഭിന്നശേഷിക്കാർക്ക് ആഗസ്റ്റ് ഒന്നുവരെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന പ്രത്യേക ഇളവുകളും ഓഫറുകളും സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
ബിസിനസ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, സ്പെഷ്യലൈസ്ഡ് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 80ലധികം സ്ഥാപനങ്ങൾ ഈ വർഷത്തെ എഡിഷന്റെ ഭാഗമായിട്ടുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക പ്രതിദിനം പുതുക്കിക്കൊണ്ടിരിക്കുമെന്നും, മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഏറ്റവും പുതിയ ഓഫറുകൾ മനസ്സിലാക്കാമെന്നും അധികൃതർ അറിയിച്ചു.
എല്ലാവരെയും ഒരുപോലെ ഉൾകൊള്ളുന്ന മുൻനിര ടൂറിസം കേന്ദ്രമാക്കി ഖത്തറിനെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പർപ്പിൾ സാറ്റർഡേയെ പിന്തുണക്കുന്നതെന്ന് വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആൻഡ് ഈവന്റ്സ് ഡയറക്ടർ അഹമ്മദ് അൽ ബിനാലി പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളുമായും ടൂറിസം പങ്കാളികളുമായും ചേർന്നുള്ള സഹകരണത്തിലൂടെ ടൂറിസം മേഖലയിലെ സേവനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ സഹായിക്കുന്നുണ്ടെന്നും, ഖത്തർ ടോയ് ഫെസ്റ്റിവലിലെ പങ്കാളിത്തം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.