സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് വമ്പൻ ഇളവുകൾ; സ്കൂളുകളിൽ 6,883 പുതിയ സീറ്റുകൾ വർധിപ്പിക്കും

ദോഹ: ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി വമ്പൻ ഇളവുകളുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്കൂൾ, കിന്റർഗാർട്ടൻ ലൈസൻസിമാർക്കായി സംഘടിപ്പിച്ച പ്രഥമ ഫോറത്തിൽ ഇളവുകളും ആനുകൂല്യങ്ങളും അടങ്ങിയ സമഗ്രമായ പാക്കേജ് മന്ത്രാലയം അവതരിപ്പിച്ചു.

നിക്ഷേപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവാദിത്തങ്ങൾ കുറക്കാനാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വകാര്യ സ്കൂൾ -കിന്റർഗാർട്ടൻ വകുപ്പ് ഡയറക്ടറും ലൈസൻസിങ് വകുപ്പ് ആക്ടിങ് ഡയറക്ടറുമായ ഡോ. റാനി മുഹമ്മദ് വ്യക്തമാക്കി. സ്കൂളുകൾക്ക് സർക്കാർ ഏജൻസികൾ നൽകുന്ന എല്ലാ അനുമതികളുടെയും ലൈസൻസുകളുടെയും കാലാവധി, എജുക്കേഷണൽ ലൈസൻസിന്റെ കാലാവധിക്ക് അനുസൃതമായി അഞ്ചു വർഷമായി ഏകീകരിക്കാൻ മന്ത്രാലയം അനുമതി നൽകിയതായി അവർ വിശദീകരിച്ചു. കൂടാതെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ട്രാഫിക് സേഫ്റ്റി ലൈസൻസിന്റെ കാലാവധി വർഷം തോറും പുതുക്കുന്നതിന് പകരം തുടർച്ചയായി 3 വർഷമാക്കി ഉയർത്തുന്ന കാര്യവും അവർ സൂചിപ്പിച്ചു.

മിഡിൽ-ഫീ സ്കൂളുകളിൽ ക്ലാസ് മുറിയിൽ ഒരു വിദ്യാർഥിക്ക് ആവശ്യമായ കുറഞ്ഞ വിസ്തീർണം 1.7 ചതുരശ്ര മീറ്ററായി കുറച്ചു. ഇതുവഴി 46 സ്കൂളുകളിലായി 6,883 പുതിയ സീറ്റുകൾ ലഭ്യമാകും. ഇതിൽ 688 സീറ്റുകൾ സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി നൽകും.

അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിക്കായി കാത്തിരിക്കുന്ന രീതി ഒഴിവാക്കി. പകരം യോഗ്യരായവരെ സ്കൂളുകൾക്ക് നേരിട്ട് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുന്ന സംവിധാനം നടപ്പാക്കും. അധ്യാപകരുടെ യോഗ്യതകളും ദേശീയ മൂല്യങ്ങളും ഉറപ്പാക്കാൻ മന്ത്രാലയം തുടർനടപടികളും നേരിട്ടുള്ള പരിശോധനകളും നടത്തും. ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ ഉറപ്പുനൽകുന്ന മികച്ച സ്കൂളുകൾക്കായി 'ക്വാളിറ്റി സ്കൂളുകൾ' എന്ന പുതിയ വിഭാഗം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അവർ പരാമർശിച്ചു.

ഇവിടങ്ങളിൽ നിർദിഷ്ട മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യഥാർത്ഥ ചെലവും സേവനങ്ങളും വിലയിരുത്തി ഫീസിനത്തിൽ 30 ശതമാനം വരെ വർധനവിനുള്ള അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Major Concessions for Qatar's Private Education Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.