ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: റമദാനിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംയോജിത നിരീക്ഷണ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷ്യവസ്തുക്കളുടെ ആവശ്യം വർധിക്കുമ്പോഴും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശവുമായാണ് അധികൃതർ വിവിധ നടപടികൾ ആവിഷ്കരിക്കുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി.
ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ ഭക്ഷണങ്ങളുടെ നിയന്ത്രണം, ഭക്ഷ്യസുരക്ഷാ ലബോറട്ടറി സേവനങ്ങൾ നൽകൽ, ഉപഭോക്താക്കളിൽ ആരോഗ്യ അവബോധം വർധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയുമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഉപഭോഗ രീതികൾ മാറുകയും ചില ഭക്ഷ്യവസ്തുക്കളുടെ ആവശ്യം വർധിക്കുകയും ചെയ്യുന്ന റമദാനിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ കരുതൽ.
ഉപഭോക്താക്കളും ഭക്ഷ്യസ്ഥാപനങ്ങളും ഉൾപ്പെടെ ഭക്ഷ്യ ശൃംഖലയിലെ എല്ലാ വിഭാഗങ്ങളും ഭക്ഷ്യസുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രത്യേക ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ നിയമങ്ങളെക്കുറിച്ച് ധാരണ വർധിപ്പിക്കുന്നതിനും, ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനുമായി സമൂഹ മാധ്യമങ്ങൾ വഴി പങ്കിടുന്ന ബോധവത്കരണ സന്ദേശങ്ങളും ഇതിലുൾപ്പെടും.
ഫെബ്രുവരി മാസത്തിൽ രാജ്യത്ത് 89 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കളാണ് ഇറക്കുമതി ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 69.69 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾക്ക് അംഗീകാരം നൽകിയപ്പോൾ, 52,550 ടൺ ഭക്ഷ്യവസ്തുക്കൾക്ക് പ്രവേശനാനുമതി നിഷേധിച്ചു. 8739 ടൺ ഭക്ഷ്യവസ്തുക്കൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും നിയമലംഘനം നടത്തിയതിനാലും നശിപ്പിക്കപ്പെടുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.
കര, കടൽ, വ്യോമ അതിർത്തികളിലായി കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. സുഗമവും കാര്യക്ഷമവുമായ നിരീക്ഷണ പ്രക്രിയ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ യൂനിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കമേഴ്സ്യൽ കോംപ്ലക്സുകൾ, ഹൈപ്പർമാർക്കറ്റുകൾ, ജനപ്രിയ കിച്ചണുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. ഫെബ്രുവരിയിൽ 1915 പരിശോധന നടത്തുകയും 1352 ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ഈ മാസം 80ലധികം അടുക്കളകളിലാണ് മന്ത്രാലയത്തിന് കീഴിൽ പരിശോധന നടത്തിയത്. കിച്ചണുകളുമായി ബന്ധപ്പെട്ട 150ഓളം പേർക്കായി ബോധവത്കരണ ശിൽപശാലയും ഇതോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്ന ഘട്ടങ്ങളിൽ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ, സ്റ്റോറേജ്, ട്രാൻസ്പോർട്ടേഷൻ, വ്യക്തി-പൊതു ശുചിത്വം ഉൾപ്പെടെ വിഷയങ്ങളിൽ വിദഗ്ധർ പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.