ലുസൈൽ പാലസിലെ വിരുന്നിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സംസാരിക്കുന്നു
ദോഹ: ബുധനാഴ്ച വൈകീട്ട് അമീരി ദിവാനിലെ കൂടിക്കാഴ്ചകളും കരാർ ഒപ്പുവെക്കലും കഴിഞ്ഞ് രാത്രിയിൽ ലുസൈൽ പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ആതിഥ്യമൊരുക്കിയ അത്താഴവിരുന്നായിരുന്നു പ്രധാന പരിപാടി. രാജകീയമായ വരവേൽപുതന്നെ ലുസൈലിലെ പാലസിൽ ലഭിച്ചു. വെണ്ണക്കൽപോലെ തിളങ്ങുന്ന കൊട്ടാരത്തിൽ അമീറിനൊപ്പം പ്രവേശിച്ച ട്രംപിന്റെ പ്രതികരണമുള്ള വിഡിയോയായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ഇരു കൈകളും വിടർത്തി ‘നൈസ് ഹൗസ്’ എന്നുള്ള ട്രംപിന്റെ വാക്കുകൾ പ്രസിഡന്റിന്റെ സ്പെഷൽ അസിസ്റ്റന്റും കമ്യൂണിക്കേഷൻ അഡ്വൈസറുമായ മാർഗോ മാർട്ടിൻതന്നെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
ലുസൈൽ പാലസിലെ വിരുന്നിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
അതിഥികളെ ഹസ്തദാനം ചെയ്യുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി,
പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽ ഥാനി എന്നിവർ സമീപം
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ശൈഖുമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ട്രംപിനൊപ്പമുള്ള ഉദ്യോഗസ്ഥ സംഘവും, വ്യവസായ പ്രമുഖരും ഉൾപ്പെടെ വിരുന്നിൽ പങ്കെടുത്തു. അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽ ഥാനിയും അതിഥികളെ സ്വീകരിക്കാനുണ്ടായിരുന്നു. തുടർന്ന് സംസാരിച്ച അമീർ ഖത്തറും അമേരിക്കയും തമ്മിലെ സൗഹൃദവും ഉഭയകക്ഷി ബന്ധവും ശക്തമാക്കുന്നതിൽ ട്രംപിന്റെ സന്ദർശനം സുപ്രധാനമാകുമെന്ന് വ്യക്തമാക്കി.
ഗസ്സ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ട്രംപിനോട് അമീർ ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നബാധിത രാജ്യങ്ങളിൽ സാമാധാനം സ്ഥാപിക്കാനും അമേരിക്കൻ ഇടപെടലുണ്ടാകണമെന്നും അമീർ പറഞ്ഞു. ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക.
ഈ സ്വാധീനം ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗപ്പെടുത്തണം. നയതന്ത്ര മേഖലയിൽ ഞങ്ങളുടെ ശ്രമങ്ങൾക്കൊപ്പം അമേരിക്കയുടെ ഇടപെടലുമുണ്ടായാൽ മേഖലയിൽ സമാധാനം ഉറപ്പാക്കാമെന്നും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.