ദോഹ: സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും കപ്പലുടമകൾക്കും ആവശ്യമായ നിരവധി സേവനങ്ങൾ സങ്കേതികവത്കരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിൽ നിന്നുള്ള ആറ് സേവനങ്ങളാണ് ഡിജിറ്റലൈസ് ചെയ്തുകൊണ്ട് ഉറപ്പാക്കുന്നത്.
തുറമുഖത്ത് കപ്പലുകൾ നങ്കൂരമിടുന്നതിനുള്ള ഇടം വാടകക്കെടുക്കൽ, തുറമുഖ സംഭരണശാലയുടെ വാടക, കപ്പലുകൾക്കും ബോട്ടുകൾക്കും മത്സ്യബന്ധന ലൈസൻസിങ്, മത്സ്യത്തൊഴിലാളി ലൈസൻസിങ്, മത്സ്യബന്ധന ഉപകരണ പെർമിറ്റുകൾ എന്നിവ ഡിജിറ്റൽ സേവനങ്ങളാക്കി മാറ്റിക്കൊണ്ട് നവീനവത്കരണം തുടരുന്നത്.
പുതുതായി അവതരിപ്പിച്ച ഇലക്ട്രോണിക് സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ നടപടി ലഘൂകരിക്കുക, ഗുണഭോക്താക്കൾക്ക് സമയം ലാഭിക്കുക, നടപടികൾ സുതാര്യമാക്കുക എന്നിവയാണ് ഈ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്കും ഗുണഭോക്തൃ കമ്പനികൾക്കും സ്മാർട്ട്, ഓട്ടോമാറ്റഡ് സേവനങ്ങൾ നൽകുന്നതിനായി മന്ത്രാലയം തങ്ങളുടെ 400 സേവനങ്ങളിൽ 100ലധികം സേവനങ്ങൾ ഇതിനകം ഡിജിറ്റൽവത്കരിച്ചിട്ടുണ്ട്.
കൃഷി, ഭക്ഷ്യസുരക്ഷ, നഗരവികസനം, പൊതു സേവനങ്ങൾ, കമ്യൂണിറ്റി സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും മന്ത്രാലയം ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു. മറ്റു സർക്കാർ സ്ഥാപനങ്ങളുമായി വിവര കൈമാറ്റത്തിൽ ഡിജിറ്റലൈസേഷനിലൂടെ പ്രധാന പങ്കുവഹിക്കും. അപേക്ഷകരിൽ നിന്ന് ഓരോ തവണയും രേഖകളും സാക്ഷ്യപത്രങ്ങളും അപ്ലോഡ് ചെയ്യുന്നതിനുള്ള ആവശ്യകതകൾ കുറക്കാനും ഇത് സഹായിക്കും. സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് എവിടെനിന്നും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.