ദോഹ: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനവിക മൂലധന നിക്ഷേപത്തിലധിഷ്ഠിതമായ രാജ്യത്തിെൻറ കാഴ്ചപ്പാടിനനുസരിച്ച് സുരക്ഷിത തൊഴിൽ സാഹചര്യം, ശേഷി വാർത്തെടുക്കൽ, പരിശീലനം, ബോധവത്കരണം എന്നിവക്കെല്ലാം വലിയ പരിഗണനയാണ് നൽകുന്നത്. അന്താരാഷ്ട്ര തൊഴിൽ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് തൊഴിലാളികളോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ്-19 പശ്ചാത്തലത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിൽ ദിനാചരണം വ്യത്യസ്തമായിരുന്നു. എല്ലായിടത്തും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ഓൺലൈനിലാണ് നടന്നത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മികച്ച മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ആധുനിക നിയമപരിഷ്കാരങ്ങൾ ഖത്തർ നടപ്പാക്കിയെന്നും മന്ത്രാലയം വിശദീകരിച്ചു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും കടുത്ത മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളുമാണ് പ്രാബല്യത്തിൽ വരുത്തിയത്. തൊഴിലാളികൾക്കിടയിൽ മഹാമാരിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച് ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ്-19മായി ബന്ധപ്പെട്ട് തൊഴിലാളികൾക്കിടയിൽ അറിവ് നൽകുന്നതിന് വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് എജുക്കേഷനൽ മീഡിയ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വ്യാപാരം തടസ്സമില്ലാതെ തുടരുന്നതിനും സാമ്പത്തിക പാക്കേജുകൾ രാജ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ വേതനം കൂടി ഇതിലൂടെ ഉറപ്പുവരുത്താനാകുന്നുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. കോവിഡ്-19 ബാധിതരായ തൊഴിലാളികൾക്ക് ദേശ ഭാഷ ഭേദമന്യേ പരിപൂർണ സൗജന്യ ചികിത്സയാണ് നൽകുന്നതെന്നും മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.