ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷയും തകർക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്ന് യു.എൻ സുരക്ഷസമതി യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി അഭിപ്രായപ്പെട്ടു. വളരെ കടുത്ത ഭാഷയിലാണ് ദോഹയിൽ നടത്തിയ ആക്രമണത്തെയും തുടർന്നുള്ള ഇസ്രായേൽ പ്രസ്താവനകളെയും പ്രധാനമന്ത്രി വിമർശിച്ചത്. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെ, നടത്തിയ ആക്രമണത്തെ എങ്ങനെ വിശദീകരിക്കാൻ കഴിയും? ഹമാസ് ചർച്ചാ പ്രതിനിധിസംഘം യോഗം ചേരുന്നതിനിടെയാണ് ഇസ്രായേൽ ബോംബിട്ടത് -അദ്ദേഹം തുടർന്നു.
വെടിനിർത്തൽ കരാറിനും യുദ്ധം അവസാനിപ്പിക്കാനും എല്ലാ ശ്രമങ്ങളും നടത്തുന്ന ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നുകയറ്റം മുഴുവൻ അന്താരാഷ്ട്ര ക്രമത്തിനുനേരെയുമുള്ള വെല്ലുവിളിയാണ്. തീവ്രവാദവും രക്തദാഹിയുമായ നേതൃത്വത്തിനു കീഴിൽ ഇസ്രായേൽ, അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും, മനുഷ്യർ തമ്മിലുള്ള അടിസ്ഥാനപരമായ ധാർമിക തത്ത്വങ്ങൾ പോലും ലംഘിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തറിന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ഏതൊരു ലംഘനവും അനുവദിക്കില്ല. അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന മാർഗങ്ങളിലൂടെ പ്രതികരിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ യുദ്ധത്തിന്റേതല്ല, സമാധാനത്തിന്റെ വക്താക്കളാണ്. സമാധാനത്തിന്റെ പാതയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്, യുദ്ധത്തിന്റെയും നാശത്തിന്റെയും വക്താക്കൾക്ക് അതിൽനിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
തുടർന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ഖത്തർ നടത്തിയ ഇടപെടലുകളും, ആക്രമണത്തിനുശേഷം നടത്തിയ ശ്രമങ്ങളെയും പ്രധാനമന്ത്രി സുരക്ഷ സമിതിയിൽ വിശദീകരിച്ചു. 148 ഇസ്രായേലി -വിദേശ ബന്ദികളുടെ മോചനം, നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെ മോചനം, ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കൽ എന്നിങ്ങനെ ഈജിപ്ത്, അമേരിക്ക എന്നീ രാഷ്ട്രങ്ങളുമായി നടത്തിയ ഇടപെടലിലൂടെ കൃത്യമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ചർച്ചാ പ്രതിനിധികൾക്ക് താമസിക്കാൻ ഖത്തർ ഒരുക്കിയ റെസിഡൻഷ്യൽ കോമ്പൗണ്ടുകളെയാണ് ഇസ്രായേൽ ലക്ഷ്യംവെച്ചത്. ഹമാസ് ചർച്ചാ പ്രതിനിധി സംഘത്തിലെ അംഗങ്ങളും ജീവനക്കാരും അവരുടെ കുടുംബങ്ങളും താമസിച്ചിരുന്ന കെട്ടിടങ്ങളെയാണ് ആക്രമിച്ചത്. സ്കൂളുകൾ, നഴ്സറികൾ, എംബസികൾ എന്നിവ ഉൾക്കൊള്ളുന്ന റെസിഡൻഷ്യൽ പരിസരത്ത് നടത്തിയ ആക്രമണം സിവിലിയന്മാർക്കും കുട്ടികൾക്കും ഇടയിൽ ആക്രമണ ഭീതി സൃഷ്ടിച്ചു.
അടിയന്തര അന്വേഷണത്തിനു ശേഷം 22 വയസ്സുള്ള ഖത്തരിയായ കോർപറൽ ബദ്ർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയുടെ രക്തസാക്ഷിത്വം ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആഭ്യന്തര സുരക്ഷാസേനയിലെ നിരവധി അംഗങ്ങൾക്കും പരിക്കേറ്റു. അവരെല്ലാം നിലവിൽ ചികിത്സയിലാണ്. കാണാതായവരെ കുറിച്ചുള്ള അന്വേഷണങ്ങളും തുടർ നടപടികളും ഇപ്പോഴും തുടരുകയാണെന്നും അക്രമണത്തിനുശേഷം സ്വീകരിച്ച നടപടികളും വിശദീകരിച്ചു.ഇസ്രായേൽ അടുത്തതായി എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ അസാധ്യമായിരിക്കുന്നു. ഇസ്രായേലി ഉദ്യോഗസ്ഥർക്ക് ദോഹയിൽ ചർച്ചകൾക്കായി എങ്ങനെയാണ് വരാൻ കഴിയുക, ലോകം മുഴുവൻ അപലപിച്ച കുറ്റകൃത്യത്തെ ന്യായീകരണങ്ങളും തെറ്റായ താരതമ്യങ്ങളും പുറപ്പെടുവിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ന്യായീകരിക്കുകയാണ്. വിലകുറഞ്ഞ വാചാടോപങ്ങൾ ഉപയോഗിച്ച് വിഷയത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്.
വെടിനിർത്തൽ, എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക, ഗസ്സയിലേക്ക് ഉപാധികളില്ലാതെ മാനുഷിക സഹായം എത്തിക്കുക, ഉപരോധം നീക്കുക എന്നിവയിൽ നിന്ന് ആരംഭിക്കുന്ന ചർച്ചകളിലൂടെ മാത്രമാണ് സമാധാനം സാധ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി, തീവ്രവാദികളുടെ അഹങ്കാരത്തിന് നമ്മൾ കീഴടങ്ങരുത്. ദ്വിരാഷ്ട്ര പരിഹാരത്തിനും അതുവഴി ശാശ്വത സമാധാനത്തിനായും തുടർന്നും പരിശ്രമിക്കണം.സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ, രണ്ട് രാഷ്ട്രങ്ങളും രണ്ട് ജനതകളും സമാധാനപരമായി ഒന്നിച്ച് ജീവിക്കുക എന്നീ വാക്കുകളോടെയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
ദോഹ: രാജ്യത്ത് മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ നടത്തിയ ആക്രമണം സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ദുർബലപ്പെടുത്താനും ഫലസ്തീനു നേരെയുള്ള ആക്രമണങ്ങൾ തുടരാനും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ നയങ്ങളുടെ തുടർച്ചയാണെന്ന് യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം അൽ ഥാനി പറഞ്ഞു. ഇസ്രായേലിലെ തീവ്രവാദി ഭരണകൂടം ബന്ദികളുടെ ജീവന് ഒരു പരിഗണനയും നൽകുന്നില്ലെന്നും അവരുടെ മോചനം അവർക്ക് ഒരു മുൻഗണനയല്ലെന്നും ആക്രമണം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷയും തകർക്കാൻ ലക്ഷ്യമിടുന്നതാണ് ഇസ്രായേൽ ആക്രമണം.
ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ഒരു ആക്രമണവും അംഗീകരിക്കില്ല. യു.എന്നിൽ സമ്പൂർണ അംഗത്വമുള്ള രാജ്യത്തിനെതിരെയാണ് ആക്രമണം നടന്നത്. സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉള്ള പരിസരമാണ് ഇസ്രായേൽ ലക്ഷ്യംവെച്ചത്. ഒരു മധ്യസ്ഥ രാജ്യത്തെ മറ്റൊരു രാഷ്ട്രം എപ്പോഴെങ്കിലും ആക്രമിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഗസ്സയിലെ വംശഹത്യക്കും മാനുഷിക ദുരന്തത്തിനുമെതിരെ അന്താരാഷ്ട്ര സമൂഹം ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാത്തതിനാൽ ഇസ്രായേലിന്റെ വിനാശകരമായ പ്രവർത്തനങ്ങൾ ഇപ്പോൾ പരമാധികാര രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.ഇത് പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.