ദോഹ: ലോകമെമ്പാടുമുള്ള ദുരന്ത നിവാരണ -രക്ഷാപ്രവർത്തന സേനകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 2026ലെ അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ (യു.എസ്.എ.ആർ) സംയുക്ത പരിശീലനത്തിന് ഖത്തർ ആതിഥേയത്വം വഹിക്കും. ഈ വർഷം ഒക്ടോബറിൽ ദോഹയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയും ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോഓഡിനേഷൻ ഓഫിസിന് കീഴിലുള്ള ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പും (ഇൻസരഗ് -INSARAG) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു.
അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ സംയുക്ത പരിശീലനത്തിന്റെ നടത്തിപ്പിനായി ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയും ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോഓഡിനേഷൻ ഓഫിസിന് കീഴിലുള്ള ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പും സഹകരണ ചട്ടക്കൂടിൽ ഒപ്പുവെക്കുന്നു
ലഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനിയുടെ സാന്നിധ്യത്തിലാണ് ഇരുവിഭാഗവും ചട്ടക്കൂടിൽ ഒപ്പുവെച്ചത്. ലഖ്വിയക്ക് വേണ്ടി അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്ലൈ അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅ്ബിയും ഇൻസരഗിന് വേണ്ടി ഗ്ലോബൽ ചെയർമാൻ അംബാസഡർ ഡൊമിനിക് സ്റ്റിൽഹാർട്ടും ആണ് ഒപ്പുവെച്ചത്.
അന്താരാഷ്ട്ര രക്ഷാപ്രവർത്തന സംഘങ്ങൾക്കിടയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നദ്ധതയും പ്രതികരണ ശേഷിയും വർധിപ്പിക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. രക്ഷാപ്രവർത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും കാര്യക്ഷമമാക്കാൻ ഈ പരിശീലനം സഹായിക്കും. മാനുഷിക പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ ഖത്തർ വഹിക്കുന്ന നേതൃപരമായ പങ്കും അന്താരാഷ്ട്ര തലത്തിൽ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ മികവിനുമുള്ള അംഗീകാരവുമാണ്, പരിശീലനത്തിന് ആതിഥേയത്വമൊരുക്കാൻ സാധിച്ചത്. വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ സജീവ പങ്കാളിയായാണ് ഖത്തർ നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.