എ.എഫ്.സി മത്സരങ്ങൾക്കായി ദോഹയിലെത്തിയ ഇന്ത്യ അണ്ടർ 23 ടീമിന് ഖത്തർ മഞ്ഞപ്പട സ്വീകരണം നൽകിയപ്പോൾ
ദോഹ: എ.എഫ്.സി അണ്ടർ 23 യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബാൾ ടീം ഖത്തറിലെത്തി. മലയാളി താരങ്ങളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, എം.എസ്. ശ്രീക്കുട്ടൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘം വെള്ളിയാഴ്ച ഉച്ചക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ടീമിനെ ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ആരാധകർ പൂക്കൾ നൽകി സ്വീകരിച്ചു.
ആതിഥേയരായ ഖത്തർ അടങ്ങുന്ന ഗ്രൂപ് എച്ചിലാണ് ഇന്ത്യ. ബഹ്റൈൻ, ബ്രൂണെ എന്നിവയാണ് മറ്റു രണ്ടു ടീമുകൾ. സെപ്റ്റംബർ മൂന്നിന് ബഹ്റൈനെതിരെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ശക്തരായ ഖത്തറാണ് എതിരാളികൾ. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഒമ്പതിന് സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബ്രൂണെക്കെതിരെയാണ് അവസാന മത്സരം. 11 ഗ്രൂപ്പുകളിലായി 44 ടീമുകളാണ് ഏഷ്യൻ കപ്പ് യോഗ്യതക്കായി മത്സരിക്കുന്നത്. ഗ്രൂപ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും ടൂർണമെന്റിലേക്ക് യോഗ്യത നേടും. 2026 ജനുവരിയിൽ സൗദി അറേബ്യയാണ് അണ്ടർ 23 ഏഷ്യൻ കപ്പിന് വേദിയാകുന്നത്. തയാറെടുപ്പുകളുടെ ഭാഗമായി താജികിസ്താൻ, കിർഗിസ് റിപ്പബ്ലിക്, ഇറാഖ് യൂത്ത് ടീമുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.