കതാറയിലെ പാരസൈലിങ്
ദോഹ: കതാറയിൽ ജലകായിക ഇനങ്ങളുടെ നിരക്ക് 50 ശതമാനം കുറച്ചു. ബോട്ട് റൈഡ്, കാറ്റമറാൻ റൈഡ്, വാട്ടർ സ്കീയിങ്, പാരാസെയ്ലിങ് തുടങ്ങിയ മോട്ടോറൈസ്ഡ് പ്രവർത്തനങ്ങൾക്കും സീ പെഡൽ ബോട്ട്, കയാക് തുടങ്ങിയ നോൺ മോട്ടോറൈസ്ഡ് ആക്ടിവിറ്റികൾക്കുമാണ് നിരക്കുകളിൽ 50 ശതമാനം കുറച്ചിരിക്കുന്നത്.
പുതിയ നിരക്കുകൾപ്രകാരം ബോട്ട് റൈഡിന് 30 മിനിറ്റ് നേരത്തേക്ക് 60 റിയാലും കാറ്റമറാൻ റൈഡിന് 100 റിയാലുമായിരിക്കും ചാർജ് ഈടാക്കുക. 30 മിനിറ്റ് നേരത്തേക്ക് വാട്ടർ സ്കീയിങ്ങിന് 75 റിയാലും പാരാസെയ്ലിങ്ങിന് 50 റിയാലുമായിരിക്കും പുതിയ നിരക്കുകൾ. നോൺ മോട്ടോറൈസ്്ഡ് ആക്ടിവിറ്റികൾക്ക് 25 റിയാലാണ് നിരക്ക്.
കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും ജലകായിക പ്രവർത്തനങ്ങൾക്കുള്ള അനുമതി ലഭിക്കുക. ഏതു തരം വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കും ലൈഫ് ജാക്കറ്റ് ധരിക്കൽ നിർബന്ധമാണ്. 16 വയസ്സിന് താഴെയുള്ളവർ നിർബന്ധമായും രക്ഷിതാക്കളുടെ കൂടെയായിരിക്കണം എത്തേണ്ടത്. എന്നാൽ, ഇവക്ക് മുൻകൂട്ടി ബുക്കിങ് ആവശ്യമില്ലെന്ന് കതാറ അറിയിച്ചു. വൈകീട്ട് 3.30 മുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തനസമയം. ടിക്കറ്റ് എടുത്താൽ ഗേറ്റ് നമ്പർ ഒന്നിലൂടെയോ എട്ടിലൂടെയോ പ്രവേശിക്കാം.
മുതിർന്നവർ നിർബന്ധമായും ഇഹ്തിറാസ് ആപ് സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാട്ടർ സ്പോർട്സ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് 18 വയസ്സിനു മുകളിലുള്ളവർക്ക് 10 റിയാലാണ് ചാർജ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.