അൽ മസ്‌റൂഹ് യാർഡിൽ നടന്ന ഹണി ആൻഡ് ഡേറ്റ്സ് ഫെസ്റ്റിവൽ

‘മധുരമൂറും ഉത്സവ’ത്തിൽ വിറ്റത് 2.6 ടൺ തേനും ഈത്തപ്പഴവും

ദോഹ: ‘നാടൻ മധുര’ത്തിന്റെ കലവറയൊരുക്കി അൽ മസ്‌റൂഹ് യാർഡിൽ നടന്ന ഹണി ആൻഡ് ഡേറ്റ്സ് ഫെസ്റ്റിവലിൽ വിറ്റുപോയത് 2698 കിലോഗ്രാം തേനും ഈത്തപ്പഴവും. 2022 ഡിസംബർ 29 മുതൽ 2023 ജനുവരി ഏഴുവരെയായി ഒമ്പത് ദിവസം നീണ്ട പ്രദർശനം നിരവധി ഉപഭോക്താക്കളെയാണ് ആകർഷിച്ചത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ കാർഷികകാര്യ വകുപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിവിധ ഇനങ്ങളിലുള്ള 1837 കിലോഗ്രാം ഈത്തപ്പഴങ്ങളാണ് ഫെസ്റ്റിവലിൽ വിറ്റുപോയത്. ഇതിനൊപ്പം 826 കിലോഗ്രാം തേനും 35.5 കിലോ തേനീച്ചമെഴുകും ഫെസ്റ്റിവലിൽ വിൽപനയായി.

പ്രാദേശിക ഫാമുകളുടെ വരുമാനസ്രോതസ്സ് വൈവിധ്യവത്കരിക്കുന്നതിനും അവരുടെ ഉൽപന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുമായി പച്ചക്കറി മാർക്കറ്റുകളായ അൽ മസ്‌റൂഹ് യാർഡാണ് ഹണി ആൻഡ് ഡേറ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 30ഓളം പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ തേനും ഈത്തപ്പഴങ്ങളുമായി വിൽപനക്കെത്തി. പ്രാദേശിക തേൻ ഉൽപാദിപ്പിക്കുന്ന നിരവധി ഖത്തരി ഫാമുകൾ ഫെസ്റ്റിവലിൽ പങ്കാളികളായതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കാർഷിക യാർഡുകൾ ഏറെ വിജയകരമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്ത തേൻ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് ഹണി ഫെസ്റ്റിവൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഖത്തരി ഫാമുകളിൽ തേൻ ഉൽപാദനത്തിന് ആക്കംകൂട്ടാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതിന് ഹണി ഫെസ്റ്റിവൽ സഹായകമായതായി അൽ ഖുലൈഫി പറഞ്ഞു. പ്രാദേശിക തേൻ വാങ്ങുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി നിരവധിപേരാണ് ഫെസ്റ്റിവലിനെത്തിയത്. സിദ്ർ, സമുർ, അൽ റാബി എന്നിങ്ങനെ മൂന്നുതരം തേനാണ് ഖത്തറിൽ ഉൽപാദിപ്പിക്കുന്നത്. ഓരോ കാലത്തെയും പൂക്കൾക്ക് അനുസരിച്ചാണിത്. വൻതോതിൽ ഉൽപാദിപ്പിക്കുന്ന സിദർ തേനിനാണ് പ്രാദേശികമായി ഖത്തറിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

ഫാമുകളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക, തേനീച്ചവളർത്തലിനും അതിന്റെ വികാസത്തിനുമായി സഹായിക്കുക, തേനീച്ച ഉൽപാദകരുടെ വരുമാന വർധനവിനുള്ള സഹായങ്ങൾ ചെയ്യുക തുടങ്ങിയവ ഹണി ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിൽപെടുന്നുവെന്ന് ഗൈഡൻസ് ആൻഡ് അഗ്രികൾചറൽ സർവിസസ് വിഭാഗം മേധാവി അഹമ്മദ് സാലിം അൽ യാഫി പറഞ്ഞു.

പച്ചക്കറികൾ, ഈന്തപ്പഴം, തേൻ എന്നിവയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയം വലിയ പിന്തുണയാണ് നൽകുന്നത്. ഇതിനായി ഉൽപാദനം വർധിപ്പിക്കുന്നതിന് പ്രാദേശിക ഫാമുകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നു. രാജ്യത്ത് തേനീച്ചവളർത്തൽ വികസിപ്പിക്കുന്നതിനും ഫാമുകളുടെ വരുമാനവും വൈവിധ്യവത്കരണവും വർധിപ്പിക്കുന്നതിനും സഹായിക്കുന്നതിനുള്ള പദ്ധതികളുമായാണ് കാർഷികകാര്യ വകുപ്പ് മുന്നോട്ടുപോകുന്നത്.

Tags:    
News Summary - Honey and Dates Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT