മിലിപോൾ ഖത്തർ എക്സിബിഷൻ; ഒപ്പുവെച്ചത് 80 കോടി റിയാലിന്റെ കരാറുകൾ
ദോഹ: ആഭ്യന്തര സുരക്ഷാ മേഖലയിലെ ശ്രദ്ധേയ പ്രദർശനങ്ങളിലൊന്നായ മിലിപോൾ ഖത്തറിൽ ഒപ്പുവച്ചത് 80 കോടി റിയാലിന്റെ കരാറുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനം കാണാൻ പതിനാറായിരത്തിലേറെ സന്ദർശകരാണെത്തിയത്.
96 കരാറുകളിലായി 81.977 കോടി ഖത്തരി റിയാലിന്റെ ഇടപാടുകളിലാണ് വിവിധ ഏജൻസികൾ ഒപ്പുവച്ചത്. എക്സിബിഷനിൽ 270 ലധികം പ്രാദേശിക, അന്താരാഷ്ട്ര പ്രദർശകർ പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനയും രേഖപ്പെടുത്തി. എഡ്ജ് കമ്പ്യൂട്ടിങ്, എ.ഐ മേഖലയിൽ മെക്ദാം ഹോൾഡിങ് ഗ്രൂപ്പും അർമഡയും ഒപ്പുവച്ച കരാർ, ഖത്തർ -ബെൽജിയം പൊലീസ് സഹകരണ ധാരണാപത്രം തുടങ്ങിയവയാണ് കരാറുകളിൽ പ്രധാനപ്പെട്ടത്.
പ്രദർശനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര എ.ഐ ആൻഡ് സെക്യൂരിറ്റി കോൺഫറൻസിൽ കൃത്രിമബുദ്ധിയുടെ ഉപയോഗവും സാങ്കേതിക സുരക്ഷയും ചർച്ചയായി. 2028 ഒക്ടോബർ 31 മുതൽ നവംബർ രണ്ടുവരെയാണ് അടുത്ത മിലിപോൾ ഖത്തർ പ്രദർശനം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.