ഖത്തർ ചാരിറ്റിയുടെ സഹായം; സോമാലിയയിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു

ദോഹ: സൊമാലിയയിലെ ബനാദിർ മേഖലയിൽ ഖത്തർ ചാരിറ്റിയുടെ സഹായത്താൽ നിർമിച്ച 'ശൈഖ് ഈദ് ബിൻ മുഹമ്മദ് ആൽഥാനി ഹെൽത്ത് സെന്റർ' ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ അരലക്ഷത്തോളം പേർക്ക് സൗജന്യമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന അത്യാധുനിക ഹെൽത്ത് സെന്ററിൽ പ്രസവപരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ഐസൊലേഷൻ യൂണിറ്റുകൾ, റേഡിയോളജി, മെഡിക്കൽ ലബോറട്ടറി, ഫാർമസി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ കേന്ദ്രത്തിൽ സൗരോർജ്ജ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ഖത്തർ ചാരിറ്റിയും ഖത്തർ ഭരണകൂടവും സോമാലിയൻ ജനതക്ക് നൽകുന്ന പിന്തുണയെ ബനാദിർ റീജിയൺ ഗവർണറും മൊഗാദിഷു മേയറുമായ ഡോ. ഹസൻ മുഹമ്മദ് ഹുസൈൻ പ്രശംസിച്ചു. മേഖലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സെന്റർ മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആരോഗ്യ -വിദ്യാഭ്യാസം -സാമൂഹിക സേവനം മേഖലകളിൽ ഖത്തർ ചാരിറ്റി നടത്തുന്ന ജീവകാരുണ്യ -വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ബനാദിർ മേഖലയിൽ ഖത്തർ ചാരിറ്റി നടപ്പിലാക്കി വരുന്ന വിവിധ ആരോഗ്യ പദ്ധതികളുടെ ഭാഗമായാണ് ആരോഗ്യ കേന്ദ്രം തുറന്നത്. 

Tags:    
News Summary - With the support of Qatar Charity, a health center has commenced operations in Somalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.