ശംസുവും കൂട്ടുകാരും കശ്മീരിൽ
ദോഹ: അവധിക്കാല വിമാനയാത്ര തീക്കനൽപോലെ പൊള്ളിത്തുടങ്ങിയ കാലത്ത് മാതൃകയാക്കാവുന്നതാണ് ഖത്തർ പ്രവാസിയായ നാദാപുരം സ്വദേശി ശംസുദ്ദീന്റെയും കൂട്ടുകാരുടെയും വീട്ടിലേക്കുള്ള യാത്ര. ദോഹയിൽനിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് 50,000 രൂപയും കടന്ന് കുതിച്ചുയർന്നപ്പോൾ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച് കീഴടങ്ങിയ പ്രവാസികൾക്കിടയിൽ ഇതൊരു അവസരമാക്കി മാറ്റിയവരുമുണ്ട്.
നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് മാത്രം യാത്രചെയ്യാൻ വിമാനടിക്കറ്റിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരുേമ്പാൾ അൽപം പ്ലാനിങ്ങും തയാറെടുപ്പുമുണ്ടെങ്കിൽ നിസ്സാര നിരക്കിൽ യാത്രയും ഒപ്പം ഒരു ‘ഓൾ ഇന്ത്യ’ വിനോദയാത്രയുമാവാം എന്ന് പറയുകയാണ് ശംസുവും കൂട്ടുകാരും.
ഭാര്യയും മക്കളും ഉൾപ്പെടെ ആറുപേരടങ്ങുന്ന കുടുംബവുമായാണ് ശംസു ജൂൺ ആദ്യവാരം ദോഹയിൽനിന്ന് ഡൽഹിയിലേക്ക് വിമാനം കയറിയത്. ആറുപേരുടെ ടിക്കറ്റിന് ചെലവഴിച്ചത് ഇന്നത്തെ ഒരു ടിക്കറ്റിന്റെ വിലയായ 60,000 രൂപ മാത്രം. ഡൽഹിയിലെത്തി ആദ്യ ദിനം കുത്തബ് മിനാറും, ജുമാമസ്ജിദും ഉൾപ്പെടെ ഒരു കറക്കം. അടുത്ത ദിവസം, ദോഹയിൽ നിന്നു തന്നെയുള്ള കൂട്ടുകാർക്കൊപ്പം നേരെ കശ്മീരിലേക്ക്. അവിടെ ദാൽ തടാകവും കശ്മീരിന്റെ സൗന്ദര്യവും ആസ്വദിച്ച് നാലു ദിനത്തിലെ വിനോദയാത്ര.
ഡൽഹിയിൽ തിരികെയെത്തിയ ശേഷം ആഗ്രയിലെത്തി താജ്മഹൽ കൂടി സന്ദർശിച്ച് വിമാനമാർഗം ഗോവയിലേക്ക്. കേരളത്തിലേക്ക് ഡൽഹിയിൽനിന്നും വിമാനടിക്കറ്റ് കൂടിയതിനാലായിരുന്നു ഗോവയിലേക്ക് പറന്നതെന്ന് ശംസു പറയുന്നു. ശേഷം, അവിടെനിന്നും ട്രെയിൻ വഴി നാട്ടിലേക്കും. ദോഹയിൽനിന്ന് പുറപ്പെട്ട് 11ാം ദിനം നാട് പിടിക്കുേമ്പാൾ പ്രവാസത്തിലെ ജോലിത്തിരക്കും മുഷിപ്പും എല്ലാം തീർത്ത ഒരു യാത്രയോടെ വീട്ടിലേക്ക്. വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയെ ഇതിലും മനോഹരമായി എങ്ങനെ തോൽപിക്കാനാവും.
മാർച്ച് മാസത്തിലായിരുന്നു കുട്ടികൾ ഉൾപ്പെടെ ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ശംസു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു മാസത്തെ അവധിക്ക് നാട്ടിലെത്തിക്കഴിഞ്ഞാൽ വീട്ടിലെയും മറ്റും തിരക്കുകളിൽ കുടുംബമൊന്നിച്ചുള്ള വിനോദയാത്ര നീണ്ടുപോകും എന്ന ആശങ്കയും ഇനിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.