ഗൾഫ് മാധ്യമം’ഖത്തർ റണ്ണിൽ പങ്കെടുക്കുന്നവർ റേസ് കിറ്റ്
വാങ്ങാനെത്തിയപ്പോൾ
ദോഹ: കായിക തലസ്ഥാനമായി മാറിയ ഖത്തറിൽ, കായികപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ‘ഗൾഫ് മാധ്യമം’ഖത്തർ റൺ വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. വ്യത്യസ്ത രാജ്യക്കാരും പല ഭാഷകൾ സംസാരിക്കുന്നവരുമായ ആയിരത്തിലേറെ ഓട്ടക്കാർ... കുട്ടികളും യുവാക്കളും സ്ത്രീകളും മുതൽ മുതിർന്നവർ വരെ ഒരേ സ്റ്റാർട്ടിങ് പോയന്റിൽ ഒരു ലക്ഷ്യത്തിലേക്കായി കുതിക്കുന്ന ‘ഖത്തർ റൺ’ഏഴാം സീസൺ പോരാട്ടത്തിന് വെള്ളിയാഴ്ച ആസ്പയർ പാർക്ക് വേദിയാകും.
രാവിലെ ആറുമുതൽ ആസ്പയർ പാർക്ക് ട്രാക്കുകൾ ഓട്ടക്കാരാൽ സജീവമാകും. ഏഴ് മണിക്കാണ് മത്സരത്തിന് തുടക്കംകുറിക്കുന്നത്. മത്സരങ്ങൾ തുടങ്ങുന്നതിനുമുമ്പേ സൂംബ അടക്കമുള്ള വാംഅപ്പ് സെഷനുകളും നടക്കും. രജിസ്റ്റർ ചെയ്ത മത്സരാർഥികൾ ഒരുമണിക്കൂർ നേരത്തേ എത്തി തയാറെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
10 കി.മീ., അഞ്ച് കി.മീ., രണ്ടര കി.മീ. വിഭാഗങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലും രണ്ടര കി.മീ. ജൂനിയർ വിഭാഗത്തിലും കുട്ടികൾക്കുള്ള മിനി കിഡ്സിൽ 800 മീ. മത്സരവും നടക്കുന്നുണ്ട്. 2020ൽ തുടങ്ങി കഴിഞ്ഞ ആറു സീസണുകളിലായി ഖത്തറിലെ വിവിധ രാജ്യക്കാരായ കായിക പ്രേമികളുടെ പട്ടികയിൽ ഇടംപിടിച്ച ഖത്തർ റൺ ഏഴാം പതിപ്പിന് ആവേശത്തോടെയാണ് താരങ്ങൾ കാത്തിരിക്കുന്നത്.
മത്സരത്തിന്റെ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതിനു പിന്നാലെ ഓട്ടക്കാർക്കുള്ള ബിബ് നമ്പറും ജഴ്സിയും ഉൾപ്പെടെയുള്ള റേസ് കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. രജിസ്റ്റർ ചെയ്തവർ ഗൾഫ് സിനിമ സിഗ്നലിനു സമീപമുള്ള ഗൾഫ് മാധ്യമം ഓഫിസിൽ നേരിട്ടെത്തിയാണ് കിറ്റ് സ്വന്തമാക്കുന്നത്.
ഇന്ന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ കിറ്റ് വിതരണം തുടരും. 60ലേറെ രാജ്യങ്ങളിൽനിന്നായി ആയിരത്തിലേറെ താരങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ചമുറുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.