ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അനിശ്ചിതമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കിടെ, വെടിനിർത്തൽ ചർച്ചകൾ സജീവമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇടപെടൽ. വിവിധ തലങ്ങളിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമീർ തിങ്കളാഴ്ച ഹമാസ് നേതാക്കളുമായി ലുസൈൽ പാലസിൽ കൂടിക്കാഴ്ച നടത്തി.
ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഡോ. ഇസ്മായിൽ ഹനിയ്യയുമായുള്ള ചർച്ചയിൽ ഗസ്സയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് ഖത്തർ അമീർ ഹമാസ് മേധാവിയെ കാണുന്നത്.
ശാശ്വത വെടിനിര്‍ത്തലിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ അമീര്‍ വിശദീകരിച്ചു. 1967ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന ഖത്തറിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി അമീര്‍ ചൊവ്വാഴ്ച ഫ്രാൻസിലേക്ക് യാത്രയാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തുന്ന കൂടിക്കാഴ്ചയിലെ മുഖ്യ വിഷയവും ഗസ്സയിലെ വെടിനിർത്തലും ബന്ദികളുടെ മോചനവുമായിരിക്കും.
അതേസമയം, ഇസ്രായേല്‍ വാർ കാബിനറ്റ് തീരുമാനപ്രകാരം ഇസ്രായേല്‍ പ്രതിനിധികള്‍ വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയിട്ടുണ്ട്. അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ പ്രതിനിധികളും ഖത്തറിലുണ്ട്. എന്നാല്‍, ഈ ചര്‍ച്ചകളെ കുറിച്ച് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിലെ ആരംഭിച്ച ആക്രമണങ്ങൾക്കു പിന്നാലെ വിവിധ ഘട്ടങ്ങളിലായി മധ്യസ്ഥ ശ്രമങ്ങളിൽ സജീവമായി ഇടപെടുന്ന രാജ്യമാണ് ഖത്തർ. നവംബറിലെ വെടിനിർത്തലിനും, ഗസ്സയിൽ ദുരിതാശ്വാസ വസ്തുക്കളെത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ഇടപെടലിലും ഖത്തർ നിർണായക സാന്നിധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.