ദോഹ: ഭാവി തലമുറയെ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിൽ സർക്കാറുകൾ ഗൗരവ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനും പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും സത്വരശ്രദ്ധ അനിവാര്യമാണ്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും പരീക്ഷകളെ വിൽപ്പനച്ചരക്ക് ആക്കാനും ശ്രമിക്കുന്ന എല്ലാതരം കേന്ദ്രങ്ങൾക്കെതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ആവശ്യമായ ഘട്ടത്തിൽ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളുടെ കൂടെ നിന്ന എല്ലാവരെയും ഇസ്ലാഹി സെന്റർ അഭിനന്ദിച്ചു. മാനസിക സമ്മർദം മൂലം ജീവൻ പൊലിഞ്ഞ വിദ്യാർഥികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ സന്നദ്ധമാകണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആധുനിക വിപണി സാധ്യതകൾക്കനുസൃതമായ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണം. വിദ്യാർഥികൾക്ക് തൊഴിൽ ശേഷിയും സംരംഭകത്വ നൈപുണ്യവും ഉറപ്പാക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി പുനഃക്രമീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, നിസാർ ചെട്ടിപടി, ഹമീദ് കല്ലിക്കണ്ടി, റിയാസ് വാണിമേൽ, മൊയ്ദീൻ ഷാ, നാസിറുദ്ദീൻ ചെമ്മാട്, അലി ചാലിക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുജീബ് മദനി, ഡോ. റസീൽ, മുഹമ്മദ് ഷൗലി, നവീർ ഫാറൂഖി, അജ്മൽ ജൗഹർ, ശാഹുൽ നന്മണ്ട, ശനീജ് എടത്തനാട്ടുകര, അഹ്മദ് മുസ്തഫ എന്നിവർ വിവിധ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.