പ്രവാസികളായ നമുക്ക് പരിചിതമാണ് എൻ.ആർ. ഇ. അക്കൗണ്ടും എൻ.ആർ.ഒ അക്കൗണ്ടും. എന്നാൽ, നമുക്ക് തുടങ്ങാവുന്ന മറ്റൊരു അക്കൗണ്ട് ആണ് എഫ്.സി. എൻ.ആർ (ബി) അഥവാ ഫോറിൻ കറൻസി നോൺ റസിഡന്റ് ( ബാങ്ക്) അക്കൗണ്ട്. ഈ അക്കൗണ്ടിൽ പ്രമുഖ വിദേശ കറൻസികളായ, യു.എസ് ഡോളർ, ബ്രിട്ടൻ പൗണ്ട്, യുറോ, ജപ്പാൻ യെൻ തുടങ്ങിയവയിലാണ് പ്രവർത്തിക്കുക.
അനുവദിക്കുന്ന കറൻസികളിൽ വിദേശത്തുനിന്ന് നേരിട്ടോ നിലവിൽ ഉള്ള എൻ.ആർ. ഇ അക്കൗണ്ടിൽനിന്നുള്ള ഇന്ത്യൻ രൂപ വിദേശ കറൻസിയായി മാറ്റിയോ FCNR അക്കൗണ്ട് തുടങ്ങാവുന്നതാണ്. അക്കൗണ്ട് ഒറ്റക്കോ രണ്ടോ അതിലധികമോ പ്രവാസികൾ ചേർന്നോ, ഒരു പ്രവാസിയും നാട്ടിൽ റസിഡന്റ് ആയ ബന്ധുക്കൾ ചേർന്നോ ജോയന്റ് അക്കൗണ്ട് ആയോ ആരംഭിക്കാം.
1- ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപമായാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുക.
2- ഈ അക്കൗണ്ട് വിദേശ കറൻസിയിലായതിനാൽ നിക്ഷേപം കാലാവധി പൂർത്തിയാവുമ്പോൾ അന്നത്തെ നിരക്കിലുള്ള ഇന്ത്യൻ രൂപ ലഭിക്കുമെന്നതിനാൽ, സാധാരണ പണ മൂല്യത്തിൽ വരുന്ന മാറ്റങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കും. പ്രത്യേകിച്ചും, ഇന്നത്തെ സാഹചര്യങ്ങളിൽ.
3 - വിദേശത്ത് നടത്തേണ്ട പേയ്മെന്റുകൾക്ക് ഈ പണം വിനിയോഗിക്കാം.
4 - കാലവധിക്കുശേഷം മുഴുവൻ തുകയും വിദേശത്തേക്ക് തിരികെ സ്വതന്ത്രമായി കൊണ്ടുപോവാം. ഒരു നിയമ പ്രശ്നങ്ങളും ഉണ്ടാവില്ല. അതുപോലെ പണം തിരികെ എൻ.ആർ. ഇ അക്കൗണ്ടിലേക്കോ മാറ്റുകയോ ഇന്ത്യയിൽ വിനിയോഗിക്കുകയോ ചെയ്യാം.
5 - നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമല്ല.
6- പ്രവാസം അവസാനിപ്പിച്ചാലും നിക്ഷേപത്തിന്റെ കാലാവധി തീരും വരെ അക്കൗണ്ട് നിലനിൽക്കും. (പ്രവാസം അവസാനിപ്പിച്ചാൽ എൻ.ആർ.ഐ അക്കൗണ്ട് പോലുള്ളവ തുടരാൻ അർഹതയില്ല.)
7- പ്രവാസം അവസാനിപ്പിക്കുകയും നിക്ഷേപം കാലവധിയെത്തിയാൽ നിക്ഷേപതുക Resident Foreign Currency ( RFC) എന്ന അക്കൗണ്ടിലേക്ക് മാറ്റി അതിൽനിന്നും വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസ് അടക്കമുള്ളവ അടക്കാനും സാധിക്കും.
വിദേശ പണത്തിൽ ഇടപാടുകൾ വർധിക്കുകയും മൂല്യശേഷണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് മേൽ വിവരിച്ച എഫ്.സി.എൻ.ആർ അക്കൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.