അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ
ദോഹ: ഖത്തറിലെ ഭക്ഷ്യ സുരക്ഷാ സാഹചര്യം സുസ്ഥിരവും സുരക്ഷിതവുമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും രാജ്യത്തെ ഫുഡ് സെക്യൂരിറ്റി പോളിസി മോണിറ്ററിങ് കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ. ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഉൾപ്പെടെ aവിവിധ വെല്ലുവിളികളെ മുൻകൂട്ടി കണ്ട് തയാറാക്കിയ പ്ലാനിങ്ങിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങളും മേൽനോട്ടവും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ തുടർനടപടികളും സമൂഹത്തെ സംരക്ഷിക്കാനും എല്ലാ മേഖലകളിലും മികച്ച പ്രകടനം തുടരുന്നുവെന്ന് ഉറപ്പാക്കാനും സാധിച്ചു. ഇത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിൽ നിർണായകമായെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഷനൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി
നിലവിലെ നേട്ടങ്ങൾ നാഷനൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജിയുടെ (2024–2030) തുടർച്ചയാണ്. പ്രതിസന്ധികളെ നേരിടാൻ ഒരു ഏകീകൃതമായ സംവിധാനം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിച്ചു. പ്രധാനമായും മൂന്ന് അടിസ്ഥാനങ്ങളിലാണ് ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി കേന്ദ്രീകരിക്കുന്നത്. അതിലൂടെ രാജ്യത്ത് ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നു.
* പ്രാദേശിക ഉൽപാദനം വർധിപ്പിക്കുക:
സീസണൽ പച്ചക്കറികളുടെ കാര്യത്തിൽ 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാൻ ഖത്തറിന് സാധിച്ചു. പാൽ ഉൽപന്നങ്ങളിൽ ഏകദേശം 99 ശതമാനം സ്വയംപര്യാപ്തതയുണ്ട്, ചില ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.
* സ്റ്റോക്ക് മാനേജ്മെന്റ്:
ഗോതമ്പ്, അരി തുടങ്ങിയ അവശ്യവസ്തുക്കളുടെ ശേഖരം ശക്തമാണ്. വിപണിയിലെ കുറവുകൾ മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. ഇതുവരെ അടിയന്തര ശേഖരം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
*ഇറക്കുമതി സ്രോതസ്സുകളുടെ വൈവിധ്യവത്കരണം:
വിദേശ നിക്ഷേപങ്ങൾ ശക്തമാക്കുന്നതിലൂടെയും ഇറക്കുമതിക്കായി ഒന്നിലധികം രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നു.
മന്ത്രാലയത്തിന്റ സേവനങ്ങളും ഡിജിറ്റൽ രംഗത്തെ മുന്നേറ്റവും
വിപണി സ്ഥിരതയും അവശ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഫാമുകളിലും ഭക്ഷ്യ കമ്പനികളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. കൂടാതെ അബൂസംറ അതിർത്തിയിൽ ചരക്കു നീക്കം സുഗമമാക്കുന്നതിന് കസ്റ്റംസ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. പ്രാദേശിക ഫാമുകൾ, പോൾട്രി ഉൽപാദകർ, ഭക്ഷ്യ കമ്പനികൾ എന്നിവർ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു -ഇത് അഭിനന്ദനാർഹമാണ്.
പൊതു ശുചീകരണ സേവനങ്ങൾ, ആരോഗ്യം, ഭക്ഷ്യ സുരക്ഷ പരിശോധനകൾ എന്നിവയുൾപ്പെടെ അവശ്യ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എല്ലാ മുനിസിപ്പാലിറ്റികളിലും റെഗുലേറ്ററി, പരിശോധനാ ജോലികൾക്കായി ഫീൽഡ് ടീമുകൾ സജ്ജമാണ്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും 'Oun' ആപ്പ് വഴിയും 250 ലധികം ഇലക്ട്രോണിക് സേവനങ്ങൾ മന്ത്രാലയം നൽകുന്നുണ്ട്. അടുത്തിടെ 77,000 ഇ -അപേക്ഷകളും 23,000 കോൾ സെന്റർ അന്വേഷണങ്ങളും മന്ത്രാലയം കൈകാര്യം ചെയ്തു. ജനങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും ഖത്തരി ഭരണകൂടം വലിയ മുൻഗണനയാണ് നൽകുന്നതെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.