ദോഹ: ഉന്മേഷത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി കുട്ടികളും കൗമാരക്കാരും കുടിച്ചുകൂട്ടുന്ന എനർജി ഡ്രിങ്കുകൾ അത്ര ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). വിവിധ ബ്രാൻഡുകളിൽ ഇറങ്ങുന്ന എനർജി ഡ്രിങ്കുകളുടെ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രധാനമായും അഞ്ച് ദോഷങ്ങളാണ് എനർജി ഡ്രിങ്ക് കുടിക്കുന്നതിലൂടെ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ബാധിക്കുകയെന്ന് സമൂഹ മാധ്യമ കാമ്പയിനിൽ എച്ച്.എം.സി വ്യക്തമാക്കുന്നു. അതോടൊപ്പം കുട്ടികളും കൗമാരക്കാരും ഇവയുടെ ഉപയോഗത്തിൽനിന്നും വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്നും കുട്ടികളിലും കൗമാരക്കാർക്കിടയിലും ഹൃദയ, ധമനി രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും മെഡിക്കൽ കോർപറേഷൻ അറിയിച്ചു.
നാഡീവ്യവസ്ഥകളിൽ അസ്വസ്ഥത ഉണ്ടാക്കുക, ഉറക്കമില്ലായ്മ, സമ്മർദം, അമിതമായ ഉത്കണ്ഠ എന്നിവക്കും ഇത്തരം പാനീയങ്ങൾ കാരണമാകും. അമിത വണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഇൻസുലിൻ പ്രതിരോധം നേരത്തെ ആരംഭിക്കുന്നതിനും ഉയർന്ന ആസിഡിന്റെ സാന്നിധ്യം കാരണം പല്ലുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്നതിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, ഓർമക്കുറവിനും ഏകാഗ്രത നഷ്ടമാവാനും ഇത് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഊർജ പാനീയങ്ങളിൽ ഉയർന്ന അളവിൽ ഉത്തേജക ഘടകങ്ങളുണ്ടെന്നും സാധാരണയായി കഫീൻ, പഞ്ചസാര, വൈറ്റമിനുകൾ, അല്ലെങ്കിൽ കാർനിറ്റൈൻ പോലുള്ള സപ്ലിമെന്റുകൾ എന്നിവ ഇത്തരം പാനീയങ്ങളിൽ അമിതമായ അളവിൽ അടങ്ങിയിരിക്കുന്നുവെന്നും എച്ച്.എം.സി മുന്നറിയിപ്പ് നൽകി.
ഇവ കുടിക്കുന്നതിലൂടെ ശരീരത്തിന് തെറ്റായ ഊർജബോധം നൽകി കൂടുതൽ നേരം ഉണർന്നിരിക്കാൻ ശരീരത്തെ കബളിപ്പിക്കുകയാണെന്നും ഊർജ പാനീയങ്ങളുടെ അമിതമായ ഉപയോഗം കടുത്ത ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും എച്ച്.എം.സി ആവർത്തിച്ചു.
ഡേറ്റ ആൻഡ് അനലിറ്റിക്സ് കമ്പനിയായ സ്ട്രാറ്റജിഹെലിക്സിന്റെ കണക്കുകൾ പ്രകാരം 2021 മുതൽ 2027 വരെയുള്ള വിശകലന കാലയളവിൽ ഖത്തറിലെ എനർജി ഡ്രിങ്ക്സ് വിപണി 4.7 ശതമാനം വളർച്ച പ്രാപിക്കുമെന്ന് പറയുന്നുണ്ട്. അതേസമയം, രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിന് പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ അവയുടെ ഉപയോഗം കുറക്കുന്നതിനും പ്രകൃതിദത്ത ബദലുകളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നിരന്തരം ശ്രമങ്ങളുണ്ടാകുന്നുണ്ട്.
2019 മുതൽ ആരോഗ്യത്തിന് ഹാനികരമായ ചില ഉൽപന്നങ്ങൾക്ക് ധനമന്ത്രാലയത്തിന്റെ സെലക്ടിവ് ടാക്സ് നിയമ പ്രകാരം ഉയർന്ന നികുതി ചുമത്തുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പുകയില, ഊർജ പാനീയം എന്നിവക്ക് നൂറുശതമാനവും മധുര പാനീയങ്ങൾക്ക് 50 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്.
2016 മുതൽ പാക്കുകളിൽ ജാഗ്രതാ ലേബലുകൾ പ്രദർശിപ്പിക്കാതെ ഊർജ പാനീയങ്ങൾ വിൽക്കുന്നത് സാമ്പത്തിക വാണിജ്യ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. വെള്ള പശ്ചാത്തലത്തിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് ലേബലുകൾ പതിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.