ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കതാറ കൾച്ചറൽ വില്ലേജിൽ വർണ വിസമയമായി ഒരുക്കിയ വെടിക്കെട്ട്
ദോഹ: പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും സ്വദേശികളും. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മൂന്നുദിവസവും വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയത്. ചൂടിന്റെ കാഠിന്യമുള്ളതിനാൽ വൈകുന്നേരത്തോടെ തുടങ്ങിയ ഉത്സവാഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു.
ഖത്തറിലെ ആഘോഷങ്ങളുടെ ആസ്ഥാനമെന്ന പദവി കതാറ കൾചറൽ വില്ലേജ് ഇത്തവണയും കൈവിട്ടില്ല. ആകാശവിസ്മയമൊരുക്കി കതാറയിൽ മൂന്നുദിവസവും നടന്ന വെടിക്കെട്ട് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെടിക്കെട്ട്വർണം വിതറി ആകാശത്തേക്ക് പടരുമ്പോൾ സന്ദർശകരുടെ ആഘോഷവും ഉയർന്നു. മൊബൈൽ ഫോണിൽ വിഡിയോയും ചിത്രങ്ങളും പകർത്തി സാമൂഹിക മാധ്യമങ്ങളിലും ഖത്തറിലെ ഈദ് ആഘോഷം ട്രെൻഡായി മാറി.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ മറ്റ് വിനോദ പരിപാടികളും ഒരുക്കിയിരുന്നു. ഖത്തരി ഫോക് ബാൻഡിന്റെ പ്രകടനത്തോടെയാണ് മൂന്നു ദിവസങ്ങളിലും ആഘോഷ പരിപാടികൾ ആരംഭിച്ചത്.
മിലിട്ടറി പരേഡ്, മറ്റു പരിപാടികൾ തുടങ്ങി സ്വദേശികൾക്കും താമസക്കാർക്കും കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ നടത്തിയത്. ഈ വർഷത്തെ ഈദ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രവും കതാറ തന്നെ ആയിരുന്നു. ഈദ് സമ്മാനങ്ങൾ വാങ്ങാൻ കുട്ടികൾ നേരത്തേ തന്നെ എത്തിയിരുന്നു. സന്ദർശകർക്ക് സുരക്ഷാ സൗകര്യവുമായി അധികൃതരും സജീവമായു രംഗത്തുണ്ടായിരുന്നു.
ഓൾഡ് ദോഹ പോർട്ട്, 974 ബീച്ച്, പേൾ ഖത്തർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വിവിധ വിനോദ പരിപാടികൾ ബഹുകേമമായി നടന്നു. ഒപ്പം, പ്രവാസി മലയാളികൾക്ക് ആഘോഷമാകാൻ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഗീത പരിപാടികളും, വിനോദങ്ങളും ഈദ് സംഗമങ്ങളും സജീവമായി.
ബലി പെരുന്നാൾ അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ 974 ബീച്ചിലെ ഫാമിലി ഫെസ്റ്റിവലിലേക്ക് നിരവധിപേരെത്തി.അംഗ്രി ബേർഡ്സ് ഷോ, സർക്കസ്, ആവേശമുണർത്തുന്ന അഭ്യാസ പ്രകടനങ്ങൾ, മാജിക് ഷോ, പപ്പറ്റ് ഷോ & ബബ്ൾ ഷോ തുടങ്ങിയ വിനോദ പരിപാടികളൊപ്പം, കുട്ടികളെ ആകർഷിക്കാൻ ഫേസ് പെയിന്റിങ്, ഹെന്ന സ്റ്റേഷൻ, ബീച്ച് ഗെയിമുകൾ, ലൈറ്റിങ് പരിപാടികളും ഒരുക്കിയിരുന്നു.
ആഭ്യന്ത മന്ത്രാലയത്തിന്റെയും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെയും സഹകരണത്തോടെ തൊഴിലാളികൾക്കായി വിവിധയിടങ്ങളിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ നടന്നു. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ്ങിലും, അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ സ്പോർട്സ് കോംപ്ലക്സിലുമാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിത്.
വിവധ കമ്മ്യൂണിറ്റി ബാൻഡുകൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ, സ്വകാര്യ ക്ലിനിക്കുകളുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനകൾ, സുരക്ഷാ -ആരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവയും അരങ്ങേറിയതോടെ പെരുന്നാൾ ഹാപ്പിയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.