ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ എജുക്കേഷൻ എക്സലൻസ് ഡേ അവാർഡുകൾ കരസ്ഥമാക്കിയവർക്കൊപ്പം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: വിവിധ വിഭാഗങ്ങളിൽ ഈ വർഷത്തെ എജുക്കേഷൻ എക്സലൻസ് ഡേ അവാർഡുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും ഗവേഷകരെയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ജേതാക്കളുടെ പ്രയത്നങ്ങളെ അദ്ദേഹം പുകഴ്ത്തി.
രാഷ്ട്രപാരമ്പര്യവും മൂല്യങ്ങളും ധാർമികതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയിൽ പങ്ക് ഉണ്ടാവേണ്ട പ്രാധാന്യവും ഊന്നിപ്പറഞ്ഞു. മാതൃരാജ്യത്തിന്റെ പുത്രന്മാരുടെ പ്രയത്നത്തിലൂടെ അടുത്തിടെ രാജ്യത്തിനകത്തും പുറത്തുമുണ്ടായ നേട്ടങ്ങൾ എടുത്തുപറഞ്ഞു.
തുടർന്നും അക്കാദമിക മികവും ശാസ്ത്രീയ സംഭാവനകളും നൽകാൻ അവാർഡ് ജേതാക്കൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. അമീറിന്റെ തുടർച്ചയായ പിന്തുണക്കും അവസരങ്ങളോട് കൂടിയ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിനും നന്ദി പറഞ്ഞ ജേതാക്കൾ, രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന തരത്തിൽ പ്രയത്നങ്ങൾ തുടരുമെന്ന് ഉറപ്പു നൽകി. ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യം മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും വിദ്യാഭ്യാസ ചുമതലയുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.